ഫിസിയോതെറാപ്പിസ്റ്റ് ആകാനായിരുന്നു ആഗ്രഹം. പക്ഷേ, കംപ്യൂട്ടര്‍ സയന്‍സ് സ്ട്രീമില്‍ ആണ് പഠിച്ചത്. ബയോളജി പഠിച്ചിട്ടില്ല. കേരളത്തില്‍ ഫിസിയോതെറാപ്പി കോഴ്സിനോ മറ്റേതെങ്കിലും പാരാമെഡിക്കല്‍ കോഴ്സിനോ ചേരാന്‍ പറ്റുമോ ?
- ആമിന, തിരുവനന്തപുരം
കേരളത്തില്‍ ബാച്ചിലര്‍ ഓഫ് ഫിസിയോതെറാപ്പി പ്രോഗ്രാമിലെ പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ പഠിച്ച് പ്ലസ് ടു ജയിച്ചവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. ബയോളജി പഠിക്കാത്തതിനാല്‍ നിങ്ങള്‍ക്ക് ബാച്ചിലര്‍ ഓഫ് ഫിസിയോതെറാപ്പി പ്രോഗ്രാമിന് അപേക്ഷിക്കാന്‍ അര്‍ഹതയില്ല. ബയോളജി പ്ലസ്ടു തലത്തില്‍ പഠിക്കാത്തവര്‍ക്കും അപേക്ഷിക്കാവുന്ന പ്രോഗ്രാമുകളാണ് ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി (ബി.എ.എസ്.എല്‍.പി.), ബാച്ചിലര്‍ ഓഫ് ഫാര്‍മസി (ബി.ഫാം.) എന്നിവ.
ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്കൊപ്പം ബയോളജി, മാത്തമാറ്റിക്സ്, കംപ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്സ്, ഇലക്ട്രോണിക്സ്, സൈക്കോളജി എന്നിവയിലൊന്നുംകൂടി പഠിച്ച് പ്ലസ് ടു ജയിച്ചവര്‍ക്ക് ബി. എ.എസ്.എല്‍.പി. പ്രോഗ്രാമിന് അപേക്ഷിക്കാം. കേരളത്തില്‍ എല്‍.ബി.എസ്. സെന്റര്‍ വഴിയാണ് ഇതിലെ പ്രവേശനം നടത്തുന്നത്. മൂന്നു സയന്‍സ് വിഷയങ്ങള്‍ക്ക് പ്ലസ്ടു രണ്ടാംവര്‍ഷ പരീക്ഷയില്‍ ലഭിച്ച, മൊത്തം മാര്‍ക്ക് (നോര്‍മലൈസ് ചെയ്ത മാര്ക്കുകള്വെച്ച്) പരിഗണിച്ചാണ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തയ്യാറാക്കുന്നത്.
ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്കൊപ്പം ബയോളജി/ മാത്തമാറ്റിക്സ് എന്നിവയിലൊന്നുംകൂടി പഠിച്ച് പ്ലസ് ടു ജയിച്ചവര്‍ക്ക് ബാച്ചിലര്‍ ഓഫ് ഫാര്‍മസി (ബി.ഫാം.) പ്രോഗ്രാം പ്രവേശനത്തിന് അര്‍ഹതയുണ്ട്. കേരളത്തില്‍ ഈ കോഴ്സിന് കേരള എന്‍ട്രന്‍സ് കമ്മിഷണര്‍ നടത്തുന്ന പ്രവേശനപരീക്ഷ വഴി അഡ്മിഷന് നല്കുന്നു. ഫാര്‍മസിയില്‍ രണ്ടുവര്‍ഷ ഡിപ്ലോമ പ്രോഗ്രാമുണ്ട്. ബി.ഫാമിനുള്ള യോഗ്യതതന്നെയാണ് ഡിപ്ലോമ ഇന്‍ ഫാര്‍മസി പ്രോഗ്രാമിനും (രണ്ടു വര്‍ഷം) വേണ്ടത്. കൂടാതെ ആറുവര്‍ഷ ഫാം.ഡി. പ്രോഗ്രാമും ലഭ്യമാണ്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ് പ്ലസ്ടു തലത്തില്‍ പഠിച്ചിരിക്കണം.
Content Highlights: Ask Expert, medical education sector