പ്ലസ് വൺ കൊമേഴ്സ് പഠിക്കുന്നു. ബാങ്കിങ് മേഖലയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. അതിനായി പ്ലസ് ടു കഴിഞ്ഞ് ഏത് കോഴ്സ് എടുക്കണം?-അശ്വതി, കോഴിക്കോട്

ബാങ്കുകൾ അസിസ്റ്റന്റ് തലത്തിലും ഓഫീസർ തലത്തിലും റിക്രൂട്ട്മെന്റുകൾ നടത്താറുണ്ട്. ഓഫീസർ തലത്തിൽ പ്രൊബേഷണറി ഓഫീസർ, സ്പെഷ്യലിസ്റ്റ് ഓഫീസർ തുടങ്ങിയ വിഭാഗങ്ങളുണ്ട്.

* സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സമീപകാലത്ത് പുറപ്പെടുവിച്ച ചില വിജ്ഞാപനങ്ങളിലെ തസ്തികകളും അവയ്ക്കുവേണ്ടിയിരുന്ന യോഗ്യതയും ഇപ്രകാരമായിരുന്നു.

അപ്രന്റിസ്; ജൂനിയർ അസോസിയറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്); പ്രൊബേഷണറി ഓഫീസർ - ഏതെങ്കിലും വിഷയത്തിലെ ബിരുദം.

സ്പെഷ്യലിസ്റ്റ് ഓഫീസർ കേഡറിൽ ഉള്ള തസ്തികകളിൽ ജോലിയുടെ സ്വഭാവത്തിനനുസരിച്ച് വേണ്ട യോഗ്യതയിൽ മാറ്റമുണ്ടാകും. ഉദാഹരണത്തിന് മാർക്കറ്റിങ് മേഖലയിൽ എം.ബി.എ./പി.ജി.ഡി.ബി.എം. (മാർക്കറ്റിങ്/ഫിനാൻസ് സ്പെഷ്യലൈസേഷനോടെ), നിയമ മേഖലയിൽ മൂന്ന്/അഞ്ച് വർഷ നിയമ ബിരുദം, ഓഡിറ്റിങ് മേഖലയിൽ ചാർട്ടേഡ് അക്കൗണ്ടൻസി എന്നിങ്ങനെയാണ് യോഗ്യത. പ്രവൃത്തിപരിചയവും വേണ്ടിവരാം. https://sbi.co.in/careers -ൽ ഉള്ള വിജ്ഞാപനങ്ങൾ പരിശോധിക്കുക.

* ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ (ഐ.ബി.പി.എസ്.) സമീപകാലത്ത്, റീജണൽ റൂറൽ ബാങ്കുകളിലേക്ക് വിളിച്ച ഓഫീസ് അസിസ്റ്റന്റ് (മൾട്ടി പർപ്പസ്) തസ്തികയ്ക്ക്, ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് യോഗ്യതയായി വ്യവസ്ഥ ചെയ്തിരുന്നത്. ഓഫീസർ തലത്തിൽ അസിസ്റ്റന്റ് മാനേജർ, ജനറൽ ബാങ്കിങ് ഓഫീസർ (മാനേജർ), സീനിയർ മാനേജർ തസ്തികകൾക്കും ഏതെങ്കിലും വിഷയത്തിലെ ബിരുദമായിരുന്നു യോഗ്യത.

പക്ഷേ, നിശ്ചിത വിഷയത്തിൽ ബിരുദമുള്ളവർക്ക് മുൻഗണനയുണ്ടാകുമെന്ന് പറഞ്ഞിരുന്നു. വിഷയങ്ങൾ ഏതെന്നും വിജ്ഞാപനത്തിലുണ്ടായിരുന്നു. അവയിൽ മാനേജ്മെന്റ്, ലോ, ഇക്കണോമിക്സ്, അക്കൗണ്ടൻസി, ബാങ്കിങ്, ഫിനാൻസ് തുടങ്ങിയവയും ഉൾപ്പെടുന്നു.

സ്പെഷ്യലിസ്റ്റ് ഓഫീസർ (മാനേജർ) വിഭാഗത്തിൽ ചാർട്ടേഡ് അക്കൗണ്ടന്റ്, ലോ, എം.ബി.എ. (ഫിനാൻസ്), എം.ബി.എ. (മാർക്കറ്റിങ്) തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാമായിരുന്നു. ചില തസ്തികകൾക്ക് പ്രവൃത്തിപരിചയവും വേണമായിരുന്നു.

മറ്റൊരു വിജ്ഞാപനത്തിലെ തസ്തികകളും യോഗ്യതയും ഇപ്രകാരമായിരുന്നു: രാജ്ഭാഷാ ഓഫീസർ - പി.ജി. ഹിന്ദി/സംസ്കൃതം; ലോ ഓഫീസർ - എൽഎൽ.ബി.; എച്ച്.ആർ./പഴ്സണൽ ഓഫീസർ; മാർക്കറ്റിങ് ഓഫീസർ - ബിരുദവും രണ്ടു വർഷത്തെ പി.ജി. ബിരുദം/ഡിപ്ലോമ. വിവരങ്ങൾക്ക്: https://www.ibps.in സന്ദർശിക്കുക.

(സയൻസ്/എൻജിനിയറിങ് യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള തസ്തികകളും ബാങ്കുകളിലുണ്ട്)

കൊമേഴ്സ് ഗ്രൂപ്പിൽ പ്ലസ് വൺ പഠിക്കുന്ന ഒരാൾ, ബാങ്കിങ് മേഖലയിൽ ജോലിനേടാൻ കുറഞ്ഞത് ഒരു ബിരുദം (അർഹതയ്ക്കു വിധേയമായി വിഷയം ഏതുമാകാം) എടുക്കണം. പൊതു ഒഴിവുകൾക്ക് ഇതുമതിയാകും. സ്പെഷ്യലിസ്റ്റ് തസ്തികകളിൽ താത്‌പര്യമുള്ള പക്ഷം പ്രത്യേക യോഗ്യതകൾ വേണ്ടിവരാം. എങ്കിൽ ഇവിടെ സൂചിപ്പിച്ച ചില കോഴ്സുകൾ ബിരുദതലത്തിൽ എടുത്ത് അതിനുശേഷം ചിലതിൽ പി.ജി. കോഴ്സുകളും എടുക്കാം. ബാങ്കുകളുടെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട വിജ്ഞാപനങ്ങൾ പരിശോധിക്കുക. ജനറൽ തസ്തികകൾ, സ്പെഷ്യലിസ്റ്റ് തസ്തികകൾ എന്നിവയ്ക്കുവേണ്ട ബിരുദം/പി.ജി. ഏതെന്നു മനസ്സിലാക്കി തുടർന്നുള്ള ഘട്ടത്തിൽ ഒരു കോഴ്സ് എടുത്തു പഠിക്കുക.

Content Highlights: Ask expert, Banking job for class 12 pass