എ.എഫ്.എം.സി. വഴിയല്ലാതെ എം.ബി.ബി.എസ്. കഴിഞ്ഞാല്‍ ആര്‍മിയില്‍ നിയമനം കിട്ടുമോ. വിശദാംശങ്ങള്‍ നല്‍കാമോ?

അനിത, തിരുവനന്തപുരം

എം.ബി.ബി.എസിന് എ.എഫ്.എം.സി.യില്‍ പ്രവേശനം ലഭിക്കാത്തവര്‍ക്കും ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ സര്‍വീസസില്‍ ഡോക്ടറായി നിയമനം ലഭിക്കാവുന്ന എന്‍ട്രി ഉണ്ട്. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ അവസരമാണുള്ളത്. എം.ബി.ബി.എസ്. ഫൈനല്‍ പരമാവധി രണ്ടു ചാന്‍സ് എടുത്ത് ജയിച്ചിരിക്കണം. ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കേണ്ട തീയതി വിജ്ഞാപനത്തില്‍ നല്‍കിയിരിക്കും. നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍/സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ വേണം. അംഗീകൃത പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം/ഡിപ്ലോമ ഉള്ളവര്‍ക്കും അപേക്ഷിക്കാം. എം.ബി.ബി.എസ്./പി.ജി. ഡിപ്ലോമക്കാര്‍ക്ക് കട്ട് ഓഫ് തിയതിയില്‍ ഉയര്‍ന്ന പ്രായപരിധി 30 വയസ്സായിരിക്കും. പി.ജി. ഡിഗ്രി ഉള്ളവര്‍ക്ക് 35 വയസ്സായിരിക്കും ഉയര്‍ന്ന പ്രായപരിധി.

ഇന്റര്‍വ്യൂ അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്. എന്‍.സി.സി. സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് വെയ്‌റ്റേജ് ഉണ്ട്. എന്‍.സി.സി. 'എ' സര്‍ട്ടിഫിക്കറ്റിന് രണ്ട് മാര്‍ക്കും എന്‍.സി.സി. 'ബി' സര്‍ട്ടിഫിക്കറ്റുകാര്‍ക്ക് മൂന്നുമാര്‍ക്കും എന്‍.സി.സി. 'സി' സര്‍ട്ടിഫിക്കറ്റുകാര്‍ക്ക് അഞ്ചുമാര്‍ക്കും കിട്ടും. മെഡിക്കല്‍ പരിശോധനയിലും യോഗ്യത നേടണം. ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ ലഭിക്കുന്നവര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റല്‍ പരീക്ഷ അഭിമുഖീകരിച്ച് സ്ഥിരം കമ്മിഷനുവേണ്ടി ശ്രമിക്കാം. സ്ഥിരം കമ്മിഷന്‍ ലഭിച്ച് നിശ്ചിത സേവനകാലം പൂര്‍ത്തിയാക്കിയാല്‍ എം.ഡി./എം.എസ്. ബിരുദം/ഡി.എന്‍.ബി., ഡിപ്ലോമ എന്നിവയ്ക്ക് അപേക്ഷിക്കാം. ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ ഓഫീസര്‍മാര്‍ക്കും പി.ജി./ഡി.എന്‍.ബി. അവസരം കിട്ടാം. അങ്ങനെ ലഭിക്കുന്നവര്‍ 14 വര്‍ഷം സേവനം അനുഷ്ഠിക്കണം.

അടുത്ത റിക്രൂട്ട്‌മെന്റിന് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. 200 ഒഴിവുണ്ട് (പുരുഷന്മാര്‍180, വനിതകള്‍20). ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാനുള്ള തീയതി നവംബര്‍30 ആണ്. പ്രായപരിധി കണക്കാക്കുക 2021 ഡിസംബര്‍31 വെച്ചാണ്. വിശദാംശങ്ങള്‍ അടങ്ങുന്ന വിജ്ഞാപനം www.amcsscetnry.gov.in ല്‍ ഉണ്ട്.

Content Highlights: Army doctor Recruitment After MBBS AFMC