ask expertകേരളത്തില്‍ ടി.ടി.സി. പ്രവേശനത്തിന് അപേക്ഷ വിളിക്കാറായോ? അപേക്ഷിക്കാനുള്ള യോഗ്യത എന്താണ്?-ദിവ്യ, തിരുവനന്തപുരം

കേരളത്തില്‍ ട്രെയിന്‍ഡ് ടീച്ചര്‍ സര്‍ട്ടിഫിക്കറ്റ് (ടി.ടി.സി.) എന്ന പേരില്‍ നടത്തിവന്നിരുന്ന എല്‍.പി./യു.പി. അധ്യാപക പരിശീലന കോഴ്സ് ആ പേരില്‍ ഇപ്പോള്‍ നടത്തുന്നില്ല. 2013-'14 അധ്യയനവര്‍ഷം മുതല്‍ ഈ കോഴ്സിന്റെ പേര് ഡിപ്ലോമ ഇന്‍ എജ്യുക്കേഷന്‍ (ഡി.എഡ്.) എന്ന് മാറ്റിയിരുന്നു. പിന്നീട്, ഡിപ്ലോമ ഇന്‍ എജ്യുക്കേഷന്‍ എന്ന പേര് ഡിപ്ലോമ ഇന്‍ എലമന്ററി എജ്യൂക്കേഷന്‍ (ഡി.എല്‍.എഡ്.) എന്ന് പുനര്‍നാമകരണം ചെയ്തു. നാലു സെമസ്റ്ററുകളിലായി രണ്ടുവര്‍ഷമാണ് കോഴ്സ് കാലാവധി.

2020-'21 അധ്യയനവര്‍ഷത്തെ കോഴ്സ് പ്രവേശനത്തിന് അപേക്ഷ വിളിച്ചിട്ടുണ്ട്. സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളിലേക്ക് ഒരു വിജ്ഞാപനവും സ്വാശ്രയ സ്ഥാപനങ്ങളിലേക്ക് മറ്റൊരു വിജ്ഞാപനവുമാണ്. കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് വാങ്ങി (മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്ക് 45 ശതമാനം മതി. പട്ടിക വിഭാഗക്കാര്‍ക്ക് മാര്‍ക്ക് വ്യവസ്ഥയില്ല) കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാല നടത്തിയ പ്രീഡിഗ്രി/തത്തുല്യ പരീക്ഷ അല്ലെങ്കില്‍, കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ബോര്‍ഡ് നടത്തുന്ന ഹയര്‍ സെക്കന്‍ഡറി/തത്തുല്യ പരീക്ഷ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതാപരീക്ഷ ജയിക്കാന്‍ മൂന്ന് ചാന്‍സില്‍ കൂടുതല്‍ എടുത്തവര്‍ക്ക് (സേവ് എ ഇയര്‍ പരീക്ഷ, ചാന്‍സായി കണക്കാക്കും) അപേക്ഷിക്കാന്‍ അര്‍ഹതയില്ല. പട്ടികവിഭാഗക്കാര്‍ക്ക് ചാന്‍സ് പരിധിയില്ല. പ്രായം 2020 ജൂലായ് ഒന്നിന് 17 വയസ്സില്‍ താഴെയാകരുത്. 33 വയസ്സ് കവിഞ്ഞിരിക്കരുത്. സംവരണവിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്.

തിരഞ്ഞെടുപ്പുരീതി, അപേക്ഷ നല്‍കേണ്ട വിധം, മറ്റു വ്യവസ്ഥകള്‍ എന്നിവ വിജ്ഞാപനത്തില്‍ വിശദമായി നല്‍കിയിട്ടുണ്ട്. വിജ്ഞാപനങ്ങള്‍ https://education.kerala.gov.in ല്‍ കിട്ടും. അവസാന തീയതി സെപ്റ്റംബര്‍ 18.

(ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയ്ക്കാന്‍ സന്ദര്‍ശിക്കുക: https://english.mathrubhumi.com/education/help-desk/ask-expert)

Content Highlights: Apply now for DEd and DLEd Courses, Mathrubhumi Ask Expert