ask expertതമിഴ്‌നാട്ടിലെ അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ എന്‍ജിനിയറിങ്ങിന് മറ്റു സംസ്ഥാനക്കാര്‍ക്ക് സീറ്റ് സംവരണം ചെയ്തിട്ടുള്ളത് ഏതൊക്കെ കോളേജിലാണ്. ഏതൊക്കെ ബ്രാഞ്ചിലാണ്. കേരളത്തിലുള്ളവര്‍ക്ക് എത്ര സീറ്റുണ്ട്.

പവിത്രന്‍, തിരുവനന്തപുരം

52 സീറ്റുകളാണ് എന്‍ജിനിയറിങ്/ആര്‍ക്കിടെക്ചര്‍ ബിരുദ പ്രോഗ്രാമുകളില്‍ അണ്ണാ സര്‍വകലാശാല മറ്റു സംസ്ഥാനക്കാര്‍ക്കായി സംവരണം ചെയ്തിരിക്കുന്നത്. കോളേജുകളും ബ്രാഞ്ചുകളും:

(i) കോളേജ് ഓഫ് എന്‍ജിനിയറിങ് ഗിണ്ടി കാമ്പസ് (ജനറല്‍15, എസ്.സി/എസ്.ടി6): ബയോ മെഡിക്കല്‍, സിവില്‍, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ജിയോ ഇന്‍ഫര്‍മാറ്റിക്‌സ്, ഇന്‍ഡസ്ട്രിയല്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മാനുഫാക്ചറിങ്, മെറ്റീരിയല്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, മെക്കാനിക്കല്‍, മൈനിങ്, പ്രിന്റിങ് ആന്‍ഡ് പാക്കേജിങ് ടെക്‌നോളജി.

(ii) അളഗപ്പ കോളേജ് ഓഫ് ടെക്‌നോളജി, ഗിണ്ടി കാമ്പസ് (15, 2): കെമിക്കല്‍, ഫുഡ് ടെക്‌നോളജി, ഇന്‍ഡസ്ട്രിയല്‍ ബയോടെക്‌നോളജി, ലെതര്‍ ടെക്‌നോളജി, ഫാര്‍മസ്യൂട്ടിക്കല്‍ ടെക്‌നോളജി, ടെക്‌സ്‌റ്റൈല്‍ ടെക്‌നോളജി

(iii) സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്ലാനിങ് ഗിണ്ടി കാമ്പസ് (2, 0): ബി.ആര്‍ക്.

(iv) മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാമ്പസ് (10, 2): ഏറോനോട്ടിക്കല്‍, ഓട്ടോമൊബൈല്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മെക്കാനിക്കല്‍, പ്രൊഡക്ഷന്‍.

ഇതില്‍ എന്‍ജിനിയറിങ്ങിന് ആന്ധ്രാപ്രദേശ്, കര്‍ണാടക, കേരളം, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍, പുതുശ്ശേരി (കേന്ദ്ര ഭരണ പ്രദേശം) എന്നിവയടങ്ങുന്ന തെക്കന്‍ മേഖലയ്ക്ക് ജനറല്‍ വിഭാഗത്തില്‍ പന്ത്രണ്ടും എസ്.സി/എസ്.ടി. വിഭാഗത്തില്‍ നാലും സീറ്റുണ്ട്. ബി. ആര്‍ക്കിന് ഉള്ള രണ്ടുസീറ്റ് അഖിലേന്ത്യാ തലത്തിലാണ് നികത്തുക. ഒരു സംസ്ഥാനത്തിനു മാത്രമായി ബി.ഇ./ബി.ആര്‍ക്. പ്രോഗ്രാമുകള്‍ക്ക് സീറ്റൊന്നും നീക്കിവെച്ചിട്ടില്ല.

Content Highlights: Anna University Admissions 2021