പ്ലസ് ടു പഠിക്കുന്നു. കേരളത്തില്‍ വെറ്ററിനറി ബിരുദ കോഴ്‌സ് പ്രവേശനം കിട്ടാന്‍ ഏതു പരീക്ഷയാണ് എഴുതേണ്ടത്?

സജീവ്, തൃശ്ശൂര്‍

കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി പൂക്കോട് (വയനാട്), മണ്ണൂത്തി (തൃശ്ശൂര്‍) എന്നിവിടങ്ങളിലുള്ള കോളേജ് ഓഫ് വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസില്‍ ബാച്ചിലര്‍ ഓഫ് വെറ്ററിനറി സയന്‍സ് ആന്‍ഡ് ആനിമല്‍ ഹസ്ബന്‍ഡറി (ബി.വി.എസ്‌സി. ആന്‍ഡ് എ.എച്ച്.) പ്രോഗ്രാം നടത്തുന്നുണ്ട്.

കേരളത്തില്‍ ബി.വി.എസ്‌സി. ആന്‍ഡ് എ.എച്ച്. പ്രോഗ്രാം പ്രവേശനം രണ്ടുരീതിയില്‍ നേടാം. ഒന്ന് കേരള പ്രവേശന പരീക്ഷാ കമ്മിഷണറുടെ അലോട്ട്‌മെന്റ് വഴിയാണ്. രണ്ടു വെറ്ററിനറി കോളേജുകളിലെയും 85 ശതമാനം സീറ്റുകള്‍ നികത്തുന്നത് കേരള പ്രവേശനപരീക്ഷാ കമ്മിഷണറാണ്. ഈ പ്രക്രിയയില്‍ പങ്കെടുക്കാന്‍ താത്പര്യമുണ്ടെങ്കില്‍ രണ്ടു കാര്യങ്ങള്‍ ചെയ്യണം. ഒന്ന്, നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) യു.ജി. അഭിമുഖീകരിക്കണം. കൂടാതെ പ്രവേശനപരീക്ഷാ കമ്മിഷണര്‍ കേരളത്തിലെ പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ വിളിക്കുമ്പോള്‍ അപേക്ഷിക്കണം.

നീറ്റ് ഫലം വന്ന ശേഷം കമ്മിഷണറുടെ വെബ്‌സൈറ്റ് വഴി നീറ്റ് ഫലം/സ്‌കോര്‍ കണ്‍ഫര്‍മേഷന്‍ നടത്തണം. നീറ്റ് യു.ജി.യില്‍ 720ല്‍ 20 മാര്‍ക്ക് ലഭിക്കുന്നവരെ (പട്ടികവിഭാഗക്കാര്‍ക്ക് ഈ മാര്‍ക്ക് വ്യവസ്ഥയില്ല. നീറ്റ് യു.ജി. അഭിമുഖീകരിച്ചിരിക്കണം) ഉള്‍പ്പെടുത്തിയാണ് ബി.വി.എസ്‌സി. ആന്‍ഡ് എ.എച്ച്. കോഴ്‌സ് ഉള്‍പ്പെടുന്ന, മെഡിക്കല്‍ അനുബന്ധ വിഭാഗ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തയ്യാറാക്കുന്നത്. പട്ടികയില്‍ സ്ഥാനം കിട്ടുന്നവര്‍ക്ക് ഓപ്ഷന്‍ നല്‍കി അലോട്ട്‌മെന്റ് പ്രക്രിയയില്‍ പങ്കെടുക്കാം.

രണ്ടാമത്തെ മാര്‍ഗം വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യ നടത്തുന്ന 15 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റ് അലോട്ട്‌മെന്റ് വഴിയാണ്. ഈ പ്രക്രിയവഴിയാണ് കേരളത്തിലെരണ്ടു വെറ്ററിനറി കോളേജുകളിലെ അഖിലേന്ത്യാ ക്വാട്ട സീറ്റുകള്‍ നികത്തുന്നത്. ഇതില്‍ പങ്കെടുക്കാനും നീറ്റ് യു.ജി. അഭിമുഖീകരിക്കണം. കൂടാതെ നീറ്റ് വ്യവസ്ഥകള്‍ പ്രകാരമുള്ള യോഗ്യത നേടണം.

കാറ്റഗറി അനുസരിച്ച് 50ാം/40ാം/45ാം പെര്‍സന്റൈല്‍ സ്‌കോര്‍ വേണം. 2021ല്‍ ഈ മാര്‍ക്ക്/സ്‌കോര്‍, യഥാക്രമം 720ല്‍ 138, 108, 122 എന്നിങ്ങനെയാണ്. നീറ്റ് യു.ജി. ഫലം വന്ന ശേഷം വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യ, അലോട്ട്‌മെന്റ് വിജ്ഞാപനം പുറപ്പെടുവിക്കുമ്പോള്‍ നിശ്ചിത ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്ത് ചോയ്‌സ് ഫില്ലിങ് നടത്തി പ്രക്രിയയില്‍ പങ്കെടുക്കാം.

Content Highlights: Admission in Veterinary Degree Course in Kerala