ask expertഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ് ഗ്രൂപ്പില്‍ പ്ലസ്ടു പഠിക്കുന്നു. അഗ്രിക്കള്‍ച്ചര്‍ അല്ലെങ്കില്‍ ഫോറസ്ട്രി പ്രോഗ്രാം ബിരുദതലത്തില്‍ പഠിക്കണമെന്നുണ്ട്. ബയോളജി പഠിക്കാത്തതിനാല്‍ പ്രവേശനം കിട്ടുമോ? - അഖില്‍, തൃശൂര്‍

നീറ്റ് (നാഷണല്‍ എലിജബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) എഴുതി കേരളാ എന്‍ട്രന്‍സ് കമ്മീഷണറുടെ അലോട്ട്‌മെന്റ് വഴിയും ഐ.സി.എ.ആര്‍. അഗ്രിക്കള്‍ച്ചര്‍ യു.ജി. പ്രവേശനപരീക്ഷ എഴുതി അഖിലേന്ത്യാ ക്വാട്ട വഴിയും ഒരാള്‍ക്ക് കേരള കാര്‍ഷിക സര്‍വകലാശാലയില്‍ അഗ്രിക്കള്‍ച്ചര്‍, ഫോറസ്ട്രി എന്നീ ബി.എസ്‌സി. (ഓണേഴ്‌സ്) പ്രോഗ്രാമുകള്‍ക്ക് പ്രവേശനത്തിന് ശ്രമിക്കാം.

നീറ്റ് അഭിമുഖീകരിക്കാന്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോടെക്‌നോളജി പ്ലസ് ടു തലത്തില്‍ നിര്‍ബന്ധമാണ്. എന്‍ട്രന്‍സ് കമ്മിഷണര്‍ വഴിയുള്ള അഗ്രിക്കള്‍ച്ചര്‍, ഫോറസ്ട്രി ബി.എസ്‌സി. (ഓണേഴ്‌സ്) കോഴ്സ് പ്രവേശനത്തിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി നിര്‍ബന്ധമാണ്.

ബയോളജി പഠിക്കാത്തതിനാല്‍ നീറ്റ് എഴുതാനോ എന്‍ട്രന്‍സ് കമ്മീഷണര്‍ നടത്തുന്ന അഗ്രിക്കള്‍ച്ചര്‍, ഫോറസ്ട്രി ബി.എസ്‌സി. (ഓണേഴ്‌സ്) കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാനോ അര്‍ഹത കിട്ടില്ല.

ഐ.സി.എ.ആര്‍. അഗ്രിക്കള്‍ച്ചര്‍ പ്രവേശനപരീക്ഷ വഴി ബി.എസ്‌സി. (ഓണേഴ്‌സ്) ഫോറസ്ട്രി കോഴ്‌സ് പ്രവേശനം തേടുന്നവര്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്‌സ്/ഇന്റര്‍ അഗ്രിക്കള്‍ച്ചര്‍ വിഷയങ്ങള്‍ പഠിച്ചിരിക്കണം. നിങ്ങളുടെ പഠനവിഷയങ്ങള്‍പ്രകാരം ഇതിനും നിങ്ങള്‍ക്ക് അര്‍ഹതയില്ല.

എന്നാല്‍, ഐ.സി.എ.ആര്‍. വഴിയുള്ള ബി.എസ്‌സി. (ഓണേഴ്‌സ്) അഗ്രിക്കള്‍ച്ചര്‍ പ്രോഗ്രാം പ്രവേശനത്തിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി/ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്/ഇന്റര്‍ അഗ്രിക്കള്‍ച്ചര്‍ വിഷയങ്ങള്‍ പഠിച്ചവര്‍ക്ക് അപേക്ഷിക്കാം.

പരീക്ഷയ്ക്ക് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് ഭാഗങ്ങള്‍ക്ക് ഉത്തരംനല്‍കുകയും ചെയ്യാം. ഈ സാധ്യതയാണ് ബി.എസ്‌സി. (ഓണേഴ്‌സ്) അഗ്രിക്കള്‍ച്ചര്‍ പഠിക്കാന്‍ നിങ്ങള്‍ക്കു ലഭ്യമായ ഓപ്പണിങ്. ഈ പ്രക്രിയ വഴി, കേരളത്തിനു പുറത്തുള്ള കാര്‍ഷിക സര്‍വകലാശാലകളിലും ബി.എസ്‌സി. (ഓണേഴ്‌സ്) അഗ്രിക്കള്‍ച്ചര്‍ പ്രവേശനത്തിനായി ശ്രമിക്കാം.

ഐ.സി.എ.ആര്‍. പരീക്ഷയില്‍ യോഗ്യത നേടുന്നപക്ഷം പ്രവേശന പ്രക്രിയയില്‍ പങ്കെടുക്കുന്നതിനുമുമ്പ് രണ്ടുകാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. പ്ലസ് ടു തലത്തില്‍ ബയോളജി പഠിക്കാത്തവര്‍ക്ക് എല്ലാ സര്‍വകലാശാലകളും പ്രവേശനം നല്‍കുമോ എന്ന് തിരക്കണം. ബയോളജി പഠിക്കാത്തതിനാല്‍ ബി.എസ്‌സി. (അഗ്രിക്കള്‍ച്ചര്‍) പ്രോഗ്രാം മികച്ച രീതിയില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമോ എന്നു സ്വയംവിലയിരുത്തണം.

ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയക്കാന്‍ സന്ദര്‍ശിക്കുക: english.mathrubhumi.com/education/help-desk/ask-expert

Content Highlights: Admission Criteria for BSc in Agriculture