എ.എഫ്.എം.സി. എം.ബി.ബി.എസ്. പ്രവേശനത്തിന്റെ തിരഞ്ഞെടുപ്പ് രീതി വിശദീകരിക്കാമോ?

ശ്രീജ, പത്തനംതിട്ട

പുനെ ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ കോളേജ് (എ.എഫ്.എം.സി.) എം.ബി.ബി. എസ്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ പ്രവേശനവര്‍ഷത്തിനു ബാധകമായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) യു.ജി. യോഗ്യത നേടണം. തുടര്‍ന്ന് മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി (എം.സി.സി.), എം.ബി.ബി.എസ്./ബി.ഡി.എസ്. പ്രവേശനത്തിനു നടത്തുന്ന കൗണ്‍സലിങ് പ്രക്രിയ തുടങ്ങുമ്പോള്‍ രജിസ്റ്റര്‍ചെയ്ത് എ.എഫ്.എം.സി. പ്രവേശനത്തിനുള്ള താത്പര്യം അറിയിക്കണം.

താത്പര്യം അറിയിക്കുന്നവരുടെ പട്ടിക, എം.സി.സി., എ.എഫ്.എം.സി.ക്കു കൈമാറും. ഇതിനുശേഷമുള്ള നടപടികള്‍ എ.എഫ്.എം.സി. തലത്തിലായിരിക്കും. താത്പര്യം അറിയിച്ചവരില്‍നിന്നും നിശ്ചിത എണ്ണംപേരെ, രണ്ടാംഘട്ട തിരഞ്ഞെടുപ്പിനായി എ.എഫ്.എം.സി. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും. നീറ്റ് സ്‌കോര്‍ പരിഗണിച്ചാണ് കട്ട്ഓഫ് നിശ്ചയിച്ച് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നത്. 2020ല്‍ ആണ്‍കുട്ടികള്‍ക്കു കട്ട്ഓഫ് സ്‌കോര്‍ 618ഉം പെണ്‍കുട്ടികള്‍ക്ക് 637ഉം ആയിരുന്നു (2019: 596,610; 2018: 551, 551). 2021 പ്രവേശനത്തിന് 1150 ആണ്‍കുട്ടികളെയും 450 പെണ്‍കുട്ടികളെയും ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തും.

രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് എ.എഫ്.എം.സി.യിലാണ്. ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് ലാംഗ്വേജ് കോംപ്രിഹന്‍ഷന്‍ ലോജിക് ആന്‍ഡ് റീസണിങ് (ടി.ഒ.ഇ.എല്‍.ആര്‍.), സൈക്കോളജിക്കല്‍ അസസ്‌മെന്റ് ടെസ്റ്റ് (പി.എ. ടി.), ഇന്റര്‍വ്യൂ, മെഡിക്കല്‍ എക്‌സാമിനേഷന്‍ എന്നിവ അടങ്ങുന്നതാണ് ഈ ഘട്ടം. ടി.ഒ.ഇ.എല്‍.ആര്‍. രണ്ടുമാര്‍ക്കു വീതമുള്ള 40 ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുള്ള 30 മിനിറ്റില്‍ പൂര്‍ത്തിയാക്കേണ്ട കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ്. ഉത്തരം തെറ്റിയാല്‍ 0.5 മാര്‍ക്കുവീതം നഷ്ടപ്പെടും. ഇതിന് 80ല്‍ കിട്ടുന്ന മാര്‍ക്കും നീറ്റ് യു.ജി.യില്‍ 720ല്‍ കിട്ടിയ മാര്‍ക്കുംകൂട്ടി 800ലെ മാര്‍ക്ക് കണക്കാക്കും. 800ലെ ഈ മാര്‍ക്ക് 200ലേക്കു മാറ്റി ഇന്റര്‍വ്യൂമാര്‍ക്കും (പരമാവധി 50) ചേര്‍ത്ത് 250ല്‍ കിട്ടുന്ന മാര്‍ക്ക് പരിഗണിച്ചാണ് റാങ്ക്പട്ടിക തയ്യാറാക്കുക. പി. എ.ടി. ഒരു യോഗ്യതാനിര്‍ണയ പരീക്ഷയാണ്. അതിന്റെ സ്‌കോര്‍ അന്തിമറാങ്ക് നിര്‍ണയത്തിന് പരിഗണിക്കില്ല. മെഡിക്കല്‍പരിശോധനയ്ക്കു വിധേയമായി മൊത്തം 115 ആണ്‍കുട്ടികള്‍ക്കും 30 പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കും.

അക്കാദമിക് യോഗ്യത, പ്രായം തുടങ്ങിയ മറ്റുവ്യവസ്ഥകളും തൃപ്തിപ്പെടുത്തണം. വിശദാംശങ്ങള്‍ക്ക് www.afmcdg1d.gov.inല്‍ ഉള്ള 2021ലെ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ പരിശോധിക്കുക.

Content Highlights: A.F.M.C. MBBS How is the selection method of admission