നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ പ്രവേശനം ലഭിക്കുന്നതിനുള്ള പ്രോത്സാഹനവും പരിശീലനവും നല്‍കുകയാണ് സൈനിക സ്‌കൂളിന്റെ ലക്ഷ്യം. ആറാം ക്ലാസിലേക്കും ഒന്‍പതാം ക്ലാസിലേക്കുമാണ് പ്രവേശനം. ആറാം ക്ലാസിലേക്ക് പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം.

പരിശീലനം

സി.ബി.എസ്.ഇ. സിലബസില്‍ 12-ാം ക്ലാസ് വരെയുള്ള പഠനത്തിനു പുറമേ കായികവും മാനസിക വികാസത്തിനുമുള്ള പരിശീലനം നല്‍കുന്നു. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) ദേശീയതലത്തില്‍ നടത്തുന്ന ഓള്‍ ഇന്ത്യ സൈനിക് സ്‌കൂള്‍ പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. എല്ലാവര്‍ഷവും ജനുവരിയിലാണ് പ്രവേശനപരീക്ഷ. ഏപ്രില്‍, മേയ് മാസങ്ങളില്‍ പ്രവേശനനടപടികള്‍ പൂര്‍ത്തിയാക്കി ജൂണില്‍ ക്ലാസ് തുടങ്ങും.

തിരുവനന്തപുരം കഴക്കൂട്ടം സൈനിക സ്‌കൂളില്‍ ആറാം ക്ലാസില്‍ 75 ആണ്‍കുട്ടികള്‍ക്കും 10 പെണ്‍കുട്ടികള്‍ക്കുമായി മൊത്തം 85 സീറ്റും ഒമ്പതാം ക്ലാസില്‍ 85 ആണ്‍കുട്ടികള്‍ക്കും 10 പെണ്‍കുട്ടികള്‍ക്കുമായി ആകെ 95 സീറ്റുമാണുള്ളത്.

ആറാം ക്ലാസിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് 10-12 വയസ്സും ഒമ്പതിലെ അപേക്ഷകര്‍ക്ക് 13-15 വയസ്സുമാണ് പ്രായപരിധി. കേരളത്തിലുള്ളവര്‍ക്ക് രാജ്യത്തെ മറ്റ് സൈനിക സ്‌കൂളുകളിലേക്കും അപേക്ഷിക്കാം.

പ്രവേശനപരീക്ഷ

ഓള്‍ ഇന്ത്യ സൈനിക് സ്‌കൂള്‍ പ്രവേശനപരീക്ഷയ്ക്ക് ഒക്ടോബര്‍ 26 വരെ aissee.nta.nic.in വഴി അപേക്ഷിക്കാം.

ജനറല്‍ വിഭാഗക്കാര്‍ക്ക് 550 രൂപയും പട്ടികജാതി വിഭാഗത്തിലുള്ളവര്‍ക്ക് 400 രൂപയുമാണ് അപേക്ഷാ ഫീസ്. 2022 ജനുവരി ഒമ്പതിനാണ് പ്രവേശനപരീക്ഷ. മാത്തമാറ്റിക്‌സ്, ഇന്റലിജന്‍സ്, ഭാഷ, പൊതുവിജ്ഞാനം എന്നിവയാണ് ആറാം ക്ലാസിലേക്കുള്ള പരീക്ഷയുടെ ഭാഗങ്ങള്‍. മാത്തമാറ്റിക്‌സ്, ഇന്റലിജന്‍സ്, ഇംഗ്ലീഷ്, ജനറല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നിവയാണ് ഒമ്പതിലെ പരീക്ഷയ്ക്കുള്ള ഭാഗങ്ങള്‍.

മള്‍ട്ടിപ്പിള്‍ ചോയ്സ് രീതിയില്‍ നടത്തുന്ന പരീക്ഷയില്‍ തെറ്റ് ഉത്തരത്തിന് നെഗറ്റീവ് മാര്‍ക്കില്ല. ആറാം ക്ലാസിലേക്കുള്ള പരീക്ഷ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ് ഉള്‍പ്പെടെ 13 ഭാഷകളിലൊന്നില്‍ എഴുതാം. ഒമ്പതിലെ പരീക്ഷ ഇംഗ്ലീഷില്‍ മാത്രം.

content highlights: sainik school opportunities, openings