ഹരിപ്പാട്: വെബ്‌സൈറ്റിലെ തിരക്കുകാരണം പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍അലോട്ട്മെന്റ് പരിശോധിക്കാന്‍ ബുദ്ധിമുട്ട്. ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ പ്രവേശന വെബ്‌സൈറ്റിലെ കാന്‍ഡിഡേറ്റ് ലോഗിന്‍വഴിയാണ് അലോട്ട്മെന്റ് പരിശോധിക്കേണ്ടത്.

ഞായറാഴ്ച രാത്രിയാണ്‌ ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധപ്പെടുത്തിയത്. എന്നാല്‍, തിങ്കളാഴ്ച രാവിലെ മുതല്‍ വെബ്‌സൈറ്റില്‍ പ്രവേശിക്കാനാവാത്ത സ്ഥിതിയാണ്.

ഇടയ്ക്കു കിട്ടുമെങ്കിലും യൂസര്‍നെയിമും പാസ് വേര്‍ഡും നല്‍കിക്കഴിയുമ്പോഴേക്കും സൈറ്റ് നിശ്ചലമാകും. ഏറെനേരം പരിശ്രമിക്കുമ്പോള്‍ ചിലര്‍ക്ക് സൈറ്റില്‍ പ്രവേശിക്കാന്‍ കഴിയുന്നുണ്ട്.

4,63,629 പേരാണ് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചത്. ഇവരില്‍ ബഹുഭൂരിപക്ഷവും ഒരേസമയം അലോട്ട്മെന്റ് പരിശോധിക്കാന്‍ ശ്രമിച്ചതാണു പ്രശ്‌നമായതെന്നും അടുത്തദിവസങ്ങളില്‍ ഇതു പരിഹരിക്കപ്പെടുമെന്നുമാണ് അധികൃതര്‍ പറയുന്നത്.

വ്യാഴാഴ്ച വൈകീട്ട് അഞ്ചുവരെ ട്രയല്‍അലോട്ട്മെന്റ് പരിശോധിക്കാം. പ്രവേശനനില അറിയുന്നതിനൊപ്പം അപേക്ഷയിലെ അപാകങ്ങള്‍ തിരുത്താനും ഇതിലൂടെ കഴിയും

അലോട്ട്മെന്റില്‍ ഉള്‍പ്പെട്ടത് 2,16,904 പേര്‍

2,16,904 പേരാണ് ട്രയല്‍അലോട്ട്മെന്റില്‍ ഉള്‍പ്പെട്ടത്. ആകെ മെറിറ്റ് സീറ്റുകള്‍ 2,68,675 ആണ്. സെപ്റ്റംബര്‍ 22-ന് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും.