പ്ലസ്‌വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് 24-ന് പ്രസിദ്ധീകരിക്കും. ഇതുവരെയും അലോട്ട്മെന്റ് ലഭിക്കാത്തവര്‍ക്ക് സപ്ലിമെന്ററി അലോട്ട്മെന്റില്‍ പരിഗണിക്കുന്നതിനായി ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ചവരെ അപേക്ഷ പുതുക്കാം. 

ഓരോ സ്‌കൂളിലും മിച്ചമുള്ള സീറ്റുകളുടെ പട്ടിക ബുധനാഴ്ച http://hscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഇതനുസരിച്ച് പുതിയ ഓപ്ഷനുകള്‍ ചേര്‍ത്താണ് അപേക്ഷ പുതുക്കേണ്ടത്. നേരത്തേ ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ് ഹാജരാക്കിയ സ്‌കൂളിലെ പ്രിന്‍സിപ്പലിനാണ് പുതുക്കല്‍ അപേക്ഷ നല്‍കേണ്ടത്. 

ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ചൊവ്വാഴ്ച വൈകീട്ട് നാലുവരെ സ്‌കൂളില്‍ ചേരാം. 73,107 കുട്ടികളാണ് ഇതിലുണ്ടായിരുന്നത്. 9497 സീറ്റുകള്‍ മിച്ചംകിടക്കുന്നു. ഈ സീറ്റുകളും അലോട്ട്മെന്റ് ലഭിച്ചിട്ടും സ്‌കൂളില്‍ ചേരാത്തവരുടെ സീറ്റുകളും രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കും. എയ്ഡഡ് സ്‌കൂളുകളിലെ മാനേജ്മെന്റ് ക്വാട്ടയിലെ പ്രവേശനം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് അവസാനിപ്പിക്കും. തുടര്‍ന്ന് ഈ വിഭാഗത്തില്‍ മിച്ചമുള്ള സീറ്റുകളും ഏകജാലകം വഴിയുള്ള പൊതുമെറിറ്റിലേക്ക് മാറ്റും. 

അഞ്ച് ജില്ലകളില്‍ സീറ്റ് വര്‍ധിപ്പിക്കും

തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ സര്‍ക്കാരിന് സാമ്പത്തികബാധ്യത വരാത്തവിധം പ്ലസ്വണ്‍സീറ്റുകള്‍ വര്‍ധിപ്പിക്കും. 10 ശതമാനം (ഒരു ബാച്ചില്‍ അഞ്ച് സീറ്റുകള്‍) സീറ്റുവര്‍ധനയാണ് ആലോചിക്കുന്നത്. 

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിലെ പ്രവേശന നിലകൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇപ്പോള്‍ അപേക്ഷകരെക്കാള്‍ കൂടുതല്‍ പ്ലസ് വണ്‍ സീറ്റുകളുണ്ട്. ഈ ജില്ലകളില്‍ വിദ്യാര്‍ഥികളില്ലാത്ത ബാച്ചുകള്‍ വടക്കന്‍ ജില്ലകളിലേക്ക് മാറ്റാന്‍ ആലോചനയുണ്ട്. കഴിഞ്ഞ അധ്യയനവര്‍ഷം എട്ട് ബാച്ചുകള്‍ ഇങ്ങനെ മാറ്റിയിരുന്നു.

Content Highlights: Plus One Admission, Higher Secondary Admission,  Plus One Allotment