തിരുവനന്തപുരം: സ്വാശ്രയ കോളേജുകളിലെ എം.ബി.ബി.എസ്. എന്‍.ആര്‍.ഐ. ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനത്തീയതി വീണ്ടും നീട്ടി. മാനേജ്‌മെന്റുകളുടെ ആവശ്യത്തെത്തുടര്‍ന്നാണ് അഞ്ചിന് വൈകീട്ട് മൂന്നുവരെ സമയം അനുവദിച്ചത്. നേരത്തേ ജനുവരി ഒന്നുവരെയാണ് സമയം നല്‍കിയിരുന്നത്. 

കോവിഡ് പശ്ചാത്തലത്തില്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടിരുന്നു. മെഡിക്കല്‍ കൗണ്‍സില്‍ പ്രവേശനം അവസാനിപ്പിക്കാനുള്ള തീയതി ജനുവരി 15 വരെ നീട്ടിയിരുന്നു. ഇത് കണക്കിലെടുത്ത് കൂടുതല്‍ സമയം നല്‍കിയില്ലെങ്കില്‍ അവശേഷിക്കുന്ന സീറ്റുകള്‍ വിട്ടുനല്‍കില്ലെന്നായിരുന്നു മാനേജ്‌മെന്റുകളുടെ നിലപാട്.

സ്‌ട്രേവേക്കന്‍സി റൗണ്ട് രണ്ടിനായി പ്രസിദ്ധീകരിച്ച സാധ്യതാപട്ടിക പ്രകാരം പ്രവേശനം നേടിയവരെ ഒഴിവാക്കിയുള്ള സാധ്യതാപട്ടിക പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അഞ്ചിനുശേഷം ഒഴിവുവരുന്ന സീറ്റുകള്‍ സ്റ്റേറ്റ് മെറിറ്റ് സീറ്റുകളായി പരിവര്‍ത്തനപ്പെടുത്തുമെന്ന് പ്രവേശനപരീക്ഷാ കമ്മിഷണര്‍ അറിയിച്ചു.

Content Highlights: MBBS self financing college admission, NRI seat filling date extended