തിരുവനന്തപുരം: 2020-ലെ എം.ബി.ബി.എസ്./ബി.ഡി.എസ്/അഗ്രികൾച്ചർ/വെറ്ററിനറി/ഫിഷറീസ്/ ഫോറസ്ട്രി കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റും ആയുർവേദ/ ഹോമിയോ കോഴ്സുകളിലേയ്ക്കുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റും പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ വിവരങ്ങൾ ലഭിക്കും.
പുതുതായി ഉൾപ്പെടുത്തിയ പാലക്കാട് കരുണ മെഡിക്കൽ കോളേജ്, എസ്.യു.ടി. അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് തിരുവനന്തപുരം എന്നീ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എം.ബി.ബി.എസ്. സീറ്റിലേയ്ക്കും സി.എസ്.ഐ. കാരക്കോണം മെഡിക്കൽ കോളേജിന്റെ അധികമായി ലഭ്യമായ 50 സീറ്റുകളിലേയ്ക്കും കൂടി അലോട്ട്മെന്റ് നടത്തിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ 11 വരെ വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്.
അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർഥികളുടെ ഹോം പേജിൽ ലഭ്യമാണ്. ഹോം പേജിൽ നിന്ന് വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് നിർബന്ധമായും എടുക്കണം.
നിലവിൽ അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർഥികളും അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ 16 ന് വൈകുന്നേരം നാലുമണിക്കകം പ്രവേശനം നേടണം.
നിശ്ചിത സമയത്തിനുള്ളിൽ കോളേജുകളിൽ ഹാജരായി പ്രവേശനം നേടാത്ത വിദ്യാർഥികളുടെ അലോട്ട്മെന്റും ബന്ധപ്പെട്ട സ്ട്രീമിലെ ഹയർ ഓപ്ഷനുകളും റദ്ദാക്കും.
ഹെൽപ്പ് ലൈൻ നമ്പർ- 0471 2525300.
Content Highlights: MBBS, BDS centralised allotments published, students can take admission