കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ വീടുകള്‍ക്കുള്ളില്‍ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികള്‍ക്ക് സര്‍ഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിന് 'അക്ഷര വൃക്ഷം'  പദ്ധതിയുമായി പൊതുവിദ്യാഭ്യാസവകുപ്പ്.

പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും ഓരോ കുട്ടിക്കും അവസരം നല്‍കുന്നതാണ് പദ്ധതി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കേരളത്തിലെ ഏറ്റവും വലിയ വിവരസഞ്ചയമായ 'സ്‌കൂള്‍ വിക്കി'യിലാണ് രചനകള്‍ പ്രസിദ്ധീകരിക്കുക. തിരഞ്ഞെടുത്തവ പിന്നീട് എസ്.സി.ഇ.ആര്‍.ടി പുസ്തക രൂപത്തിലും പ്രസിദ്ധീകരിക്കും.

എസ്.സി.ഇ.ആര്‍.ടി, കൈറ്റ് എന്നീ സ്ഥാപനങ്ങള്‍ക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. ഒന്നു മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പദ്ധതിയില്‍ പങ്കാളികളാകാം. രചനകള്‍ അയക്കേണ്ടത് സംബന്ധിച്ച വിശദവിവരങ്ങള്‍ www.schoolwiki.in എന്ന വെബ്‌സൈറ്റില്‍ ഏപ്രില്‍ 6 മുതല്‍ ലഭിക്കും. രചനകള്‍ ഏപ്രില്‍ 15 വരെ സ്വീകരിക്കും.   

Content Highlights: Gen Education Dept organises Akshara Vriksham project for students to express creativity