ബി.എസ്‌സി. ജിയോളജി ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ്. ഈ കോഴ്‌സ് കഴിഞ്ഞ് ഹൈസ്കൂള്‍, ഹയര്‍ സെക്കൻഡറി തലത്തില്‍ പഠിപ്പിക്കാന്‍ കഴിയുമോ? ഏതു വിഷയമാണ് പഠിപ്പിക്കാന്‍ കഴിയുക?
-അശ്വതി, കോട്ടയം
ബി.എസ്‌സി. കഴിഞ്ഞ് ഫിസിക്കല്‍ സയന്‍സസിലെ ബി.എഡ്. യോഗ്യത നേടിയാല്‍ ഫിസിക്കല്‍ സയന്‍സസിലെ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് തസ്തികയ്ക്ക് അപേക്ഷിക്കാം. ബി.എസ്‌സി.ക്ക് ഫിസിക്‌സ്, കെമിസ്ട്രി എന്നിവ ഉപ/കോംപ്ലിമെന്ററി വിഷയങ്ങളായി പഠിച്ചിരിക്കണം. കൂടാതെ, കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) ജയിക്കുകയും വേണം. ഹൈസ്‌കൂള്‍തലത്തിലെ ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങള്‍ പഠിപ്പിക്കേണ്ടിവരും. ഹയര്‍ സെക്കൻഡറിതലത്തില്‍ ജിയോളജി പഠിപ്പിക്കണമെങ്കില്‍ ആദ്യം ജിയോളജിയില്‍ മാസ്റ്റേഴ്‌സ് ബിരുദമെടുക്കണം. കൂടാതെ ബി.എഡ് വേണം. ജിയോളജിയെടുത്ത് സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) ജയിക്കണം. ഹയര്‍ സെക്കൻഡറി സ്കൂള്‍ ടീച്ചര്‍ ജൂനിയര്‍, സീനിയര്‍ തസ്തികകളിലേക്ക് ഇതുവഴി അപേക്ഷിക്കാം. ബി.എഡ്. ഉള്ളവരുടെ അഭാവത്തില്‍ അതില്ലാത്തവരെയും പരിഗണിക്കും. അപ്പോള്‍, പിഎച്ച്.ഡി./എം.ഫില്‍./ജെ.ആര്‍.എഫ്./നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. ഈ വ്യവസ്ഥപ്രകാരം നിയമനംകിട്ടിയാല്‍ അഞ്ച് വര്‍ഷത്തിനകം ബി.എഡ്. എടുക്കണം.