മുംബൈ ടാറ്റാ മെമ്മോറിയല്‍ സെന്റര്‍ (ടി.എം.സി.) പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സ് ഇന്‍ പേഷ്യന്റ് നാവിഗേഷന്‍ ഇന്‍ ഓങ്കോളജി പ്രവേശനത്തിന് അപേക്ഷിക്കാം.മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസി (ടി.സ്.) ന്റെ സഹകരണത്തോടെയാണ് ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പ്രോഗ്രാം നടത്തുന്നത്.

കോഴ്‌സ് ഫീസ് 25,000 രൂപ. മെഡിക്കല്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ക്ലിനിക്കല്‍ സംഘവുമായി ചേര്‍ന്ന് പരിചരണം ഏകോപിപ്പിക്കുന്നതിനും ഉള്‍പ്പെടെയുള്ള മേഖലയില്‍ പരിശീലനം നേടിയ പ്രൊഫഷണലുകളെ സൃഷ്ടിക്കുകയാണ് കോഴ്‌സിന്റെ ലക്ഷ്യം.50 ശതമാനം മാര്‍ക്കോടെ, മെഡിക്കല്‍ സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സൈക്കോളജി, പബ്ലിക് ഹെല്‍ത്ത്, എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എച്ച്.എം.എസ്., ബി.എ.എം.എസ്., ബി.യു.എം.എസ്., ബി.ഒ.ടി., ബി.പി.ടി., ബി.എസ്സി. എന്നിവയിലൊന്നിലെ ബിരുദം/പി.ജി. വേണം. മറ്റു വിഷയങ്ങളില്‍ ബിരുദം/പി.ജി. ഉള്ളവര്‍ക്കും അപേക്ഷിക്കാം. 35 വയസ്സ് കവിയരുത്. വടക്കു-കിഴക്കന്‍ പ്രദേശത്തു നിന്നുള്ളവര്‍ സ്‌പോണ്‍സേഡ് അപേക്ഷകര്‍ എന്നിവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്.

ആരോഗ്യമേഖലയിലെ പ്രവൃത്തിപരിചയം, ആശയവിനിമയശേഷി, ഇന്റര്‍ പേഴ്ണല്‍/മറ്റ് നൈപുണികള്‍, ഇംഗ്ലീഷ്/ഹിന്ദി അല്ലാതെയുള്ള ഭാഷാജ്ഞാനം എന്നിവയുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. അപേക്ഷ tmc.gov.in വഴി നവംബര്‍ 30 വരെ നല്‍കാം.

കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകള്‍, സ്വയംഭരണ/അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, എന്‍.ജി.ഒ., നാഷണല്‍ കാന്‍സര്‍ ഗ്രിഡ് മെമ്പര്‍ സ്ഥാപനങ്ങള്‍, മെഡിക്കല്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുള്ള പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് ലഭിക്കുന്നവരെ അഭിരുചിപരീക്ഷ, ഉപന്യാസ രചന, കോംപ്രിഹന്‍ഷന്‍, പേഴ്‌സണല്‍ ഇന്റര്‍വ്യൂ എന്നിവയ്ക്ക് ക്ഷണിക്കും. കോഴ്‌സിന്റെ ആറുമാസം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രതിമാസം 15,000 രൂപ സ്‌റ്റൈപ്പന്റോടെയുള്ള ആറുമാസ ഇന്റേണ്‍ഷിപ്പ് ലഭിക്കും.

Content Highlights: applications invited for patient navigation p.g diploma programme