തേഞ്ഞിപ്പലം: ഗ്രേഡ് കാർഡ് വിതരണം വൈകുന്ന സാഹചര്യത്തിൽ വിദ്യാർഥികളുടെ ഉപരിപഠന പ്രവേശത്തിനായി മറ്റു സർവകലാശാലകൾക്ക് ശുപാർശക്കത്തു നൽകാൻ കാലിക്കറ്റ് സർവകലാശാല പരീക്ഷ സ്ഥിരംസമിതി യോഗം തീരുമാനിച്ചു. സംസ്ഥാനത്തിനു പുറത്തും വിദേശത്തുമുള്ള സർവകലാശാലകൾക്കാണു കത്തുനൽകുക.

അപേക്ഷ നൽകിയവർക്ക് ഗ്രേഡ് കാർഡ് സമർപ്പിക്കാനുള്ള സാവകാശം ആവശ്യപ്പെടും. അപേക്ഷ നൽകിയ വിദ്യാർഥി ആവശ്യപ്പെടുന്നമുറയ്ക്ക് കത്തുനൽകും. കോവിഡ് സാഹചര്യത്തിൽ ഗ്രേഡ് കാർഡ് തയ്യാറാക്കുന്നതിൽ നേരിട്ട പ്രതിസന്ധി ചൂണ്ടിക്കാട്ടും. ഈ വിവരം യു.ജി.സി. ചെയർമാനെ അറിയിക്കും.

ഫൈനൽ ഡിഗ്രി ഫലം ലഭിച്ചിട്ടും ഗ്രേഡ് കാർഡ് ലഭിക്കാത്തതുമൂലം സംസ്ഥാനത്തിനു പുറത്തും വിദേശത്തും ഉപരിപഠനത്തിനപേക്ഷിച്ച വിദ്യാർഥികൾ ഏറെ പ്രയാസത്തിലായ സാഹചര്യത്തിലാണ് തീരുമാനം. ഒക്ടോബർ പത്തുമുതൽ റഗുലർ വിദ്യാർഥികൾക്കായി കോളേജുകളിലേക്ക് ഗ്രേഡ് കാർഡ് അയക്കും. പതിനഞ്ചിന് കോളേജുകൾ വിതരണംചെയ്യണം. വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ ഒക്ടോബർ ആറുമുതൽ െസന്ററുകളിലേക്ക് ഗ്രേഡ് വിതരണം നടത്താനും യോഗം തീരുമാനിച്ചു.

യോഗത്തിൽ കൺവീനർ ഡോ.ജി. റജുലാർ, അംഗങ്ങളായ കെ.കെ. ഹനീഫ, യൂജിൻ മൊറേലി, പി. റഷീദ് അഹമ്മദ്, കൺട്രോളർ ഡോ. സിസി ബാബു എന്നിവർക്കുപുറമെ പരീക്ഷാഭവനിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.