കരിവെള്ളൂർ: 2020-21 അക്കാദമിക് വർഷത്തെ എൽ.എസ്.എസ്., യു.എസ്.എസ്. പരീക്ഷ 18-ന് രാവിലെ 10 മുതൽ 12.20 വരെ നടക്കും. ആദ്യത്തെ 20 മിനിറ്റ് സമാശ്വാസസമയമാണ്. കഴിഞ്ഞ ഏപ്രിൽ ഏഴിനാണ് പരീക്ഷകൾ നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് വ്യാപനം മൂലം മാറ്റിവെക്കുകയായിരുന്നു.

മലയാളം, ഇംഗ്ലീഷ്, പരിസരപഠനം, ഗണിതം, പൊതുവിജ്ഞാനം എന്നീ വിഷയങ്ങളിൽ 10 സ്കോർ വീതം 50 സ്കോറിലാണ് എൽ.എസ്.എസ്. പരീക്ഷ നടക്കുക. 60 ശതമാനത്തിനു മുകളിൽ സ്കോർ കിട്ടുന്നവർക്ക് സ്കോളർഷിപ്പ് ലഭിക്കും. യു.എസ്.എസ്. പരീക്ഷയിൽ ഒ.എം.ആർ. മാതൃകയിൽ ബഹു-വികല്പ ചോദ്യങ്ങളാകും ഉണ്ടാകുക. ഒരു സ്കോർ വീതമുള്ള ആകെ 70 ചോദ്യങ്ങളിൽ 60 എണ്ണത്തിന് ഉത്തരമെഴുതണം. 70 ശതമാനം സ്കോർ ഉള്ളവർക്ക് സ്കോളർഷിപ്പ് ലഭിക്കും. 2020 ഒക്ടോബർ 31 വരെയുള്ള പാഠഭാഗങ്ങളാണ് പരീക്ഷയ്ക്കുണ്ടാവുക.