തിരുവനന്തപുരം: കോളേജുകൾ തുറക്കുമ്പോൾ ബിരുദവിദ്യാർഥികളെ കാത്തിരിക്കുന്നത് പരീക്ഷാപരമ്പര. കഴിഞ്ഞവർഷം പ്രവേശനം നേടിയവർ നിലവിൽ മൂന്നാംസെമസ്റ്റർ ക്ലാസുകളുടെ അവസാന ഭാഗത്താണെങ്കിലും ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷകൾ നടത്തിയിട്ടില്ല. ക്ലാസ് ആരംഭിക്കുന്നതോടെ ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷകളും പിന്നാലെ മൂന്നാംസെമസ്റ്റർ പരീക്ഷയുമുണ്ടാകും.

കേരളസർവകലാശാല ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷകൾ ഒക്ടോബറിൽത്തന്നെ നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇതിനു തുടർച്ചയായി മൂന്നാംസെമസ്റ്റർ പരീക്ഷകളും നടക്കും. മറ്റു സർവകലാശാലകളിലും ഇതുതന്നെയാണ് അവസ്ഥയെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

ആദ്യസെമസ്റ്ററുകളുടെ പരീക്ഷകൾ അതതുസമയത്ത് ഓൺലൈനായി നടത്തണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടിരുന്നില്ല. കോവിഡ് അയഞ്ഞപ്പോൾ, കോഴ്‌സ് കഴിഞ്ഞിറങ്ങുന്ന വിദ്യാർഥികളുടെ പരീക്ഷകൾക്കായിരുന്നു മുൻഗണന. ഇതേത്തുടർന്ന് മറ്റു സെമസ്റ്ററുകളുടെ പരീക്ഷകൾ അനിശ്ചിതമായി വൈകി.

ആദ്യസെമസ്റ്ററുകളുടെ പരീക്ഷകൾ ഇനിയും വൈകുകയാണെങ്കിൽ അത് വിദ്യാർഥികളുടെ ഒരുവർഷം നഷ്ടപ്പെടുത്തുമെന്ന വിലയിരുത്തലുണ്ട്.