മൂന്നാർ: പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാം സപ്ളിമെൻററി അലോട്ട്മെൻറിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം നീട്ടി നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഡിസംബർ 24 രാവിലെ 9 മുതൽ 29 വൈകീട്ട് അഞ്ചുവരെ ഓൺലൈനിൽ അപേക്ഷിക്കുന്നതിനാണ് സമയം നീട്ടി നൽകിയത്.

പ്ലസ് വണ്ണിന് അപേക്ഷിക്കുന്നതിനുള്ള രണ്ടാം സപ്ളിമെൻററി അലോട്ട്മെന്റ് തീയതി നവംബർ 19-ന് അവസാനിച്ചിരുന്നു. ഇതോടെ ഇടുക്കി ജില്ലയിലെ ആദിവാസി വിഭാഗത്തിൽനിന്നുൾപ്പെടെ സംസ്ഥാനത്ത് നിരവധി കുട്ടികൾ വിവിധ കാരണങ്ങളാൽ അപേക്ഷകൾ സമർപ്പിക്കാൻ കഴിയാതെ പ്രവേശനം നേടാനാവാതെ ദുരിതത്തിലായിരുന്നു. ഇതുസംബധിച്ച് നവംബർ 20-ന് മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

വാർത്ത ശ്രദ്ധയിൽപ്പെട്ട കളക്ടർ ഷീബാ ജോർജ്, അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കത്തുനൽകി. ഇതേത്തുടർന്നാണ് നാളിതുവരെ പ്ലസ് വണ്ണിന് അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്കും അപേക്ഷിച്ചിട്ടും എങ്ങും പ്രവേശനം ലഭിക്കാത്തവർക്കും ഒരു അവസരംകൂടി നൽകുന്നതിന് ഉത്തരവിട്ടത്. സപ്ളിമെന്ററി അലോട്ട്മെൻറിനായുള്ള ഒഴിവുകൾ കഴിഞ്ഞ ദിവസം സർക്കാർ പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തൊട്ടാകെ വിവിധ കോമ്പിനേഷനുകളിലായി 27,906 പ്ലസ് വൺ സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇടുക്കി ജില്ലയിൽ മാത്രം 1762 ഒഴിവുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവുമധികം ഒഴിവുള്ളത്. 3049 ഒഴിവുകളാണവിടെയുള്ളത്.