തേഞ്ഞിപ്പലം: എല്ലാ അവസരങ്ങളും കഴിഞ്ഞവർക്ക് ബിരുദം നേടിയെടുക്കാൻ അവസാന അവസരം നൽകി കാലിക്കറ്റ് സർവകലാശാല നടത്താനൊരുങ്ങുന്ന പ്രത്യേക സപ്ലിമെന്ററി പരീക്ഷ ഉടനെയൊന്നുമുണ്ടാകില്ല. കോവിഡ് പശ്ചാത്തലത്തിൽ താളംതെറ്റിയ റഗുലർ പരീക്ഷകളുടെ ക്രമത്തിലാക്കാനുള്ള ഓട്ടത്തിലാണ് പരീക്ഷാഭവൻ അധികൃതർ. ഗവർണറുടെ നിർദേശപ്രകാരം നിലവിലുള്ള പരീക്ഷകളെല്ലാം മാറ്റിവെച്ചിട്ടുമുണ്ട്. ഇതു ക്രമീകരിച്ചാൽ മാത്രമേ മറ്റുള്ളവയെക്കുറിച്ച് ചിന്തിക്കാനാകൂ.

ബിരുദ-പി.ജി. കോഴ്‌സുകളിൽ 1995 മുതലുള്ളവർക്ക് പഴയ പാഠ്യപദ്ധതിയിൽതന്നെ പരീക്ഷ നടത്താൻ മന്ത്രി കെ.ടി. ജലീലിന്റെ അദാലത്തിലാണ് നിർദേശമുണ്ടായത്. അക്കാദമിക് കൗൺസിൽ ഉൾപ്പെടെയുള്ള അധികാരസമിതികളുടെ അംഗീകാരത്തോടെ കഴിഞ്ഞവർഷം മാർച്ചിൽ തുടങ്ങാനിരുന്നതാണ്. അതിനിടെയായിരുന്നു കോവിഡിന്റെ ഒന്നാം തരംഗം.

ഈ പരീക്ഷകളുടെ നടത്തിപ്പിന് പഴയ പാഠ്യപദ്ധതിയും പുസ്തകങ്ങളും കണ്ടെത്തുകയും അതനുസരിച്ച് ചോദ്യക്കടലാസും ഉത്തരസൂചികയും തയ്യാറാക്കുകയും വേണം. സാധാരണ ബി.എ, ബി.എസ്‌സി, ബി.കോം. എന്നിവയ്ക്കുപുറമെ ബി.ടെക്, ബി.ആർക്, എം.ബി.ബി.എസ്, എൽ.എൽ.ബി. തുടങ്ങിയവയിലും പി.ജി. കോഴ്‌സുകളിലും അവസരം പ്രതീക്ഷിക്കുന്ന ആയിരക്കണിക്കാനാളുകളുണ്ട്. പല സ്‌കീമുകളിലായി ആയിരക്കണക്കിനു പരീക്ഷകൾ നടത്തേണ്ടിവരും. ആദ്യപടിയായി 500 രൂപ അടച്ച് ഓൺലൈനായി പരീക്ഷാരജിസ്‌ട്രേഷൻ നടത്താനാണ് തീരുമാനിച്ചത്.

2009 മുതൽ 2013 വരെയുള്ള പാഠ്യപദ്ധതിയിലെ ചോദ്യക്കടലാസുകൾ കൈയിലുണ്ടായിരുന്നതിനാൽ ബി.എ, ബി.കോം. പരീക്ഷകൾക്കായി രജിസ്‌ട്രേഷൻ തുടങ്ങിയിരുന്നു. ആവശ്യമായ ചോദ്യക്കടലാസുകൾ അച്ചടിച്ച് ഈ അവധിക്കാലത്ത് പരീക്ഷ നടത്താനിരിക്കെ കോവിഡിന്റെ രണ്ടാംതരംഗത്തിൽ എല്ലാം തകിടംമറിഞ്ഞു.