തിരുവനന്തപുരം: മികച്ച സർവകലാശാലകൾക്കുള്ള ഗവർണറുടെ ചാൻസലേഴ്‌സ് അവാർഡ് പ്രഖ്യാപിച്ചു. മൾട്ടി ഡിസിപ്ലിനറി സർവകലാശാലകളുടെ വിഭാഗത്തിൽ മഹാത്മാഗാന്ധി (എം.ജി.) സർവകലാശാലയും കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാലയും (കുസാറ്റ്) അവാർഡ് പങ്കുവെച്ചു. അവാർഡ് തുകയായ അഞ്ചുകോടി രൂപ രണ്ടു സർവകലാശാലകളും പങ്കിടും.

സ്പെഷലൈസ്ഡ് സർവകലാശാലാ വിഭാഗത്തിൽ കേരള കാർഷിക സർവകലാശാലയ്ക്കാണ് അവാർഡ്. ഒരുകോടി രൂപയാണ് അവാർഡ് തുക. ബെംഗളൂരു ജവാഹർലാൽ നെഹ്രു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ചിന്റെ സ്ഥാപക പ്രസിഡന്റും രാജ്യത്തെ പ്രമുഖ ശാസ്ത്രഗവേഷകനുമായ പ്രൊഫ. സി.എൻ.ആർ. റാവുവിന്റെ നേതൃത്വത്തിൽ സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ നിയോഗിച്ച സമിതിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. സമിതിയുടെ ശുപാർശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചു.

ഇതുവരെ എസ്റ്റാബ്ലിഷ്ഡ് സർവകലാശാല, എമർജിങ് സർവകലാശാല എന്നീ വിഭാഗങ്ങളിലാണ് അവാർഡ് നൽകിയിരുന്നത്. ഇത്തവണ മുതൽ മൾട്ടി ഡിസിപ്ലിനറി, സ്പെഷലൈസ്ഡ് എന്നിങ്ങനെ തരംതിരിച്ചാണ് അവാർഡ് നൽകുന്നത്.