തിരുവനന്തപുരം: ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജതജൂബിലി ആഘോഷത്തിനായുള്ള സ്വാഗതസംഘം രൂപവത്കരിച്ചു. ചെയർമാനായി മന്ത്രി എം.വി.ഗോവിന്ദനെയും ജനറൽ കൺവീനറായി തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സ്രെകട്ടറി ശാരദാ മുരളീധരനെയും തിരഞ്ഞെടുത്തു.

ഹയർ സെക്കൻഡറി സ്‌പോർട്‌സ് സ്‌കൂൾ സെലക്ഷൻ ട്രയൽ

തിരുവനന്തപുരം: പട്ടികജാതി വികസനവകുപ്പിനു കീഴിൽ തിരുവനന്തപുരം വെള്ളായണിയിൽ പ്രവർത്തിക്കുന്ന അയ്യൻകാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌പോർട്‌സ് സ്‌കൂളിൽ 5, 11 ക്ലാസുകളിലെ പ്രവേശനത്തിനായി(എസ്.സി., എസ്.ടി. വിഭാഗത്തിലുള്ളവർക്കു മാത്രം) ജൂലായ് 30 മുതൽ ഓഗസ്റ്റ് 18 വരെ സെലക്ഷൻ ട്രയൽ സംഘടിപ്പിക്കും.

നിലവിൽ 4, 10 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ, സ്‌കൂൾ മേധാവിയുടെ കത്ത്‌, ഒരു ഫോട്ടോ, ജാതി, ജനന സർട്ടിഫിക്കറ്റ്(ലഭ്യമാണെങ്കിൽ) എന്നിവ സഹിതം നിശ്ചിത സമയത്ത് എത്തണം. ഫോൺ: 0471-2381601, 9847262657.

സ്വാശ്രയ, സ്‌നേഹയാനം ഓഗസ്റ്റ് 30 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: എഴുപതു ശതമാനമോ അതിലധികമോ തീവ്ര ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന മകനെ/മകളെ സംരക്ഷിക്കേണ്ടിവരുന്ന ബി.പി.എൽ. കുടുംബങ്ങളിലെ വിധവയായ രക്ഷിതാവിന് സ്വയംതൊഴിൽ ആരംഭിക്കാൻ ഒറ്റത്തവണ ധനസഹായമായി 35,000 രൂപ അനുവദിക്കുന്ന ’സ്വാശ്രയ’ പദ്ധതിക്ക്‌ അപേക്ഷ ക്ഷണിച്ചു. വനിതകൾ മാത്രമാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.

നാഷണൽ ട്രസ്റ്റ് നിയമത്തിലുൾപ്പെടുന്ന ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, മൾട്ടിപ്പിൾ ഡിസെബിലിറ്റി എന്നിവ ബാധിച്ച ഭിന്നശേഷിക്കാരുടെ അമ്മമാർക്ക് സൗജന്യമായി ഇലക്ട്രിക് ഓട്ടോ നൽകുന്ന ’സ്‌നേഹയാനം’ പദ്ധതിക്കും അപേക്ഷ ക്ഷണിച്ചു.

മാനദണ്ഡങ്ങൾ പാലിച്ച് അർഹരായ ഗുണഭോക്താക്കൾക്ക് അപേക്ഷിക്കാം.

രണ്ടു പദ്ധതിയിലെയും അർഹതപ്പെട്ട അപേക്ഷകൾ ഓഗസ്റ്റ് 31-ന് മുമ്പ് ജില്ലാ സാമൂഹ്യനീതി ഓഫീസ്, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു. ഫോൺ: 0471-2343241. വെബ്‌സൈറ്റ്: sjd.kerala.gov.in, ഇ-മെയിൽ: dswotvmswd@gmail.com.

തൊഴിലധിഷ്ഠിത കംപ്യൂട്ടർ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ്‌ ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ക്വാർട്ടേഴ്‌സിൽ ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന ഡേറ്റാ എൻട്രി ആൻഡ്‌ ഓഫീസ് ഓട്ടോമേഷൻ(ഇംഗ്ലീഷ് ആൻഡ്‌ മലയാളം) കോഴ്‌സിന് അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. എസ്.എസ്.എൽ.സി.യാണ് വിദ്യാഭ്യാസ യോഗ്യത. കൂടിയ യോഗ്യതയുള്ളവർക്കും ചേരാം. വിവരങ്ങൾക്ക് www.lbscentre.kerala.gov.in, 0471-2560333.