തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ പഠനവകുപ്പുകളിലെ പി.ജി. വിദ്യാർഥികൾക്ക് മറ്റുവകുപ്പുകളിലുള്ള ഇഷ്‌ടവിഷയംകൂടി പഠിക്കാൻ അവസരം. ശാസ്ത്രം പഠിക്കുന്നവർക്ക് ഭാഷാവിഷയങ്ങളോ മാനവികവിഷയങ്ങൾ പഠിക്കുന്നവർക്ക്‌ ശാസ്ത്രവിഷയങ്ങളോ അങ്ങനെ ലഭ്യമായതെന്തും തിരഞ്ഞെടുക്കാവുന്ന ഹൊറിസോണ്ടൽ മൊബിലിറ്റി സംവിധാനമാണ് ഏർപ്പെടുത്തിയത്. പി.ജി. അക്കാദമിക് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

ഓരോ വകുപ്പിനോടും മറ്റുവകുപ്പിലെ വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാവുന്ന വിഷയങ്ങളുടെ പട്ടിക തയ്യാറാക്കി സമർപ്പിക്കാൻ സമിതി നിർദേശിച്ചിട്ടുണ്ട്. രണ്ട്, മൂന്ന്, നാല് സെമസ്റ്ററുകളിലായി നാലു വിഷയങ്ങൾ തിരഞ്ഞെടുത്തുപഠിച്ച് 16 ക്രെഡിറ്റ് വരെ നേടാനാകും. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രണ്ടുമുതൽ നാലുവരെയാകും ഈ വിഷയങ്ങളുടെ ക്ലാസുകൾ. ഇഷ്‌ടവിഷയങ്ങൾ പഠിക്കാനായി വിദ്യാർഥികൾ രജിസ്‌ട്രേഷൻ തുടങ്ങിക്കഴിഞ്ഞെന്ന് സി.സി.എസ്.എസ്. കൺവീനർ ഡോ. പി.പി. പ്രദ്യുമ്‌നൻ പറഞ്ഞു.