കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയ്ക്കു കീഴിൽ ഗവേഷണം നടത്തിവരുന്ന പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട ഗവേഷകർക്ക് കൂടുതൽ സൗകര്യമൊരുക്കും. ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നതിനായി ഇന്ത്യയിൽ എവിടെയും യാത്രയ്ക്കും അനുബന്ധ ചെലവുകൾക്കുമുള്ള തുക സഹായധനമായി നൽകാൻ സർവകലാശല സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.

ഗവേഷക ഫെലോഷിപ്പുകളുടെ എണ്ണം 100-ൽ നിന്ന് 150 ആയി ഉയർത്തും. പുതുതായി യു.ജി.സി. അനുമതി ലഭിച്ച ഓൺലൈൻ കോഴ്സുകൾ 2022 ജനുവരിയിൽ ആരംഭിക്കും.

മൂല്യനിർണയം സംബന്ധിച്ച് വ്യാപകമായി പരാതികൾ ഉയരുന്നപക്ഷം പ്രസ്തുത ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം സമയബന്ധിതമായി നടത്താനും അപാകം കണ്ടെത്തുന്ന കേസുകളിൽ ഉത്തരവാദികൾക്കെതിരേ കർശന നടപടികൾ സ്വീകരിക്കാനും നിർദേശം നൽകി.

സർവകലാശാലയിൽനിന്നുള്ള സേവനങ്ങൾ കാര്യക്ഷമമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. പരീക്ഷാ നടത്തിപ്പ്, ഭരണപരമായ കാര്യങ്ങൾ തുടങ്ങിയ സേവനങ്ങളുടെ കാര്യത്തിൽ ആവശ്യമായ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിന് പ്രോ-വൈസ് ചാൻസലർ പ്രൊഫ. സി.ടി. അരവിന്ദകുമാറിന്റെ നേതൃത്വത്തിൽ രണ്ട് സിൻഡിക്കേറ്റ് ഉപസമിതികൾക്കും യോഗം രൂപം നൽകി.