പെരിയ: കേരള കേന്ദ്ര സർവകലാശാല ജിയോളജി വിഭാഗം ഗവേഷക വിദ്യാർഥിനികൾക്ക് ഫെലോഷിപ്പ്. കോട്ടയം നാട്ടകം സ്വദേശിനി അമ്മൂസ് കെ. ജയൻ, കാസർകോട് കാറഡുക്ക സ്വദേശിനി ഇ.ശ്രീവിദ്യ എന്നിവർക്കാണ് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈക്രോപാലിയന്തോളജിക്കൽ സൊസൈറ്റിയുടെ ഫെലോഷിപ്പ് ലഭിച്ചത്.

അമ്മൂസ് ജയന് ‘ഇന്ത്യൻ മൺസൂൺ വേരിയബിലിറ്റി സ്റ്റഡീസ് ഫ്രം ബേ ഓഫ് ബംഗാൾ’ എന്ന പ്രോജക്ടിനും ശ്രീവിദ്യക്ക് ‘ഓഷ്യൻ അസിഡിഫിക്കേഷൻ ഇൻ പാസ്റ്റ് യൂസിങ്‌ ടെറോപോഡ്‌സ്’ എന്ന പ്രോജക്ടിനുമാണ് ഫെലോഷിപ്പ്. 500 പൗണ്ട് (ഏകദേശം 52,000 രൂപ) വീതമാണ് ഇരുവർക്കും ലഭിക്കുക. ഗവേഷണത്തിന്റെ ഭാഗമായി വിദേശത്തുൾപ്പെടെ പഠനം നടത്തുന്നതിനും ഫീൽഡ് വർക്കിനുമായി തുക വിനിയോഗിക്കാം. ജിയോളജിവിഭാഗം അസി. പ്രൊഫ. ഡോ. എ.വി.സിജിൻകുമാറിന് കീഴിലാണ് ഇരുവരും ഗവേഷണം നടത്തുന്നത്.