തേഞ്ഞിപ്പലം: സമയക്രമം മാറിയതറിയാതെ പരീക്ഷ നടത്തി ചോദ്യക്കടലാസ് പുറത്തായ ആറ്്‌ ബി.ടെക്. പരീക്ഷകൾ കാലിക്കറ്റ് സർവകലാശാല റദ്ദാക്കി. മാർച്ച് 10 മുതൽ 22 വരെ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ ബി.ടെക്./പാർട്ട്‌ടൈം ബി.ടെക്. സപ്ലിമെന്ററി ഏപ്രിൽ 2020 പരീക്ഷയുടെ (2009 സ്‌കീം, 2012-13 പ്രവേശനം) പരീക്ഷകളിൽ ചിലതാണ് വിദ്യാർഥികൾ വീണ്ടും എഴുതേണ്ടിവരിക.

പത്താംതീയതിയിലെ എൻജിനീയറിങ് മാത്തമാറ്റിക്‌സ് -രണ്ട്, 15-ലെ എൻജിനീയറിങ് ഫിസിക്‌സ്, 17-ലെ എൻജിനീയറിങ് കെമിസ്ട്രി, 19-ലെ എൻജിനീയറിങ് മെക്കാനിക്‌സ്, 22-ലെ ബേസിക്‌സ് ഓഫ് സിവിൽ ആൻഡ് മെക്കാനിക്കൽ എൻജിനീയറിങ്, ഹ്യൂമാനിറ്റീസ് കമ്യൂണിക്കേഷൻ സ്‌കിൽസ് എന്നിവയാണ് റദ്ദാക്കിയത്.

സമയക്രമം മാറ്റിയത് അറിയാതെ ചോദ്യക്കടലാസ് നൽകി പരീക്ഷ നടത്തിയതാണ് പ്രശ്‌നമായത്. സമയമാറ്റം യഥാസമയം കോളേജുകളെ അറിയിച്ചിരുന്നതായി സർവകലാശാലാ അധികൃതർ വ്യക്തമാക്കി. എൻജിനീയറിങ് കോളേജുകൾ സാങ്കേതിക സർവകലാശാലക്ക് കീഴിലേക്ക് മാറിയെങ്കിലും അതിന് മുമ്പുണ്ടായിരുന്ന വിദ്യാർഥികൾക്ക് സപ്ലിമെന്ററി പരീക്ഷകൾ നടത്തുന്നത് കാലിക്കറ്റാണ്. ചോദ്യക്കടലാസ് മാറിപ്പൊട്ടിക്കുന്നതുവഴി പരീക്ഷ റദ്ദാക്കുന്നത് സർവകലാശാലക്ക് വൻ സാമ്പത്തികനഷ്ടമുണ്ടാക്കുന്നുണ്ട്. ഉത്തരവാദിയായ കോളേജുകളിൽനിന്ന് പിഴയീടാക്കുകയാണ് ഇതിനുള്ള നടപടി. സിൻഡിക്കേറ്റിന്റെ പരീക്ഷാ സ്ഥിരംസമിതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. പുനഃപരീക്ഷാ തീയതി തീരുമാനിച്ചിട്ടില്ല.