തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍, എയ്ഡഡ് കോളേജുകള്‍, സര്‍വകലാശാലകള്‍ എന്നിവയില്‍ പുതിയ കോഴ്‌സുകളനുവദിച്ച് സര്‍ക്കാര്‍. 47 സര്‍ക്കാര്‍ കോളേജുകളില്‍ 49 കോഴ്‌സുകള്‍, 105 എയ്ഡഡ് കോളേജുകളില്‍ 117 കോഴ്‌സുകള്‍, എട്ട് സര്‍വകലാശാലകളില്‍ 19 കോഴ്‌സുകള്‍ എട്ട് എന്‍ജിനിയറിങ് കോളേജുകളില്‍ 12 കോഴ്‌സുകള്‍ എന്നിങ്ങനെയാണ് പുതിയ കോഴ്‌സുകളുടെ എണ്ണം. 

മുഖ്യമന്ത്രിയുടെ 100 ദിനപരിപാടിയുടെ ഭാഗമായുള്ള പദ്ധതിയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എം.ജി. സര്‍വലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. സാബു തോമസിന്റെ അധ്യക്ഷതയില്‍ ആറംഗ സമിതിയെ നിയോഗിച്ചിരുന്നു. കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന് പുറമേ സര്‍വകലാശാലകള്‍ക്കും ശുപാര്‍ശ നല്‍കാന്‍ അവസരമുണ്ടായിരുന്നു. 

സര്‍വകലാശാലകളുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ നാക് അക്രഡിറ്റേഷനില്‍ നിശ്ചിത ഗ്രേഡുകള്‍ ലഭിച്ച സര്‍വകലാശാലകള്‍ക്കാണ് നിലവില്‍ കോഴ്‌സുകള്‍ അനുവദിച്ചിട്ടുള്ളത്. സര്‍ക്കാര്‍ കോളേജുകള്‍, എസ്.സി, എസ്.ടി വിഭാഗം നടത്തുന്ന കോളേജുകള്‍, ദേവസ്വം ബോര്‍ഡ് കോളേജുകള്‍ എന്നിവയ്ക്ക് ഈ നിബന്ധന ബാധകമാക്കിയിട്ടില്ല. ദേവസ്വം ബോര്‍ഡ് എസ്.സി എസ്.ടി വിഭാഗങ്ങള്‍ എന്നിവയ്ക്ക് കീഴിലുള്ള എല്ലാ കോളേജുകളിലും നിലവില്‍ പുതിയ കോഴ്‌സുകള്‍ അനുവദിച്ചിട്ടുണ്ട്. 

എക്കണോമെട്രിക്‌സ്, സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്, കമ്പ്യൂട്ടേഷണല്‍ ബയോളജി, മ്യൂസിയോളജി, ഡാറ്റാ അനാലിസിസ്, നാനോ സയന്‍സ് തുടങ്ങി പുതതലമുറ കോഴ്‌സുകള്‍ക്കൊപ്പം എം.എ ഇംഗ്ലീഷ്, എം.എ എക്കണോമിക്‌സ് ഉള്‍പ്പെടെയുള്ള പരമ്പരാഗത കോഴ്‌സുകളും അനുവദിച്ചിട്ടുണ്ട്. അഞ്ചുവര്‍ഷ ബിരുദാനന്തരബിരുദ ഇന്റഗ്രേറ്റഡ് കോഴ്‌സുകളും ഇതില്‍പ്പെടുന്നു. ഇതാദ്യമായാണ് സര്‍ക്കാര്‍, എയ്ഡഡ് കോളേജുകള്‍ക്ക് ഇത്രയധികം കോഴ്‌സുകള്‍ അനുവദിക്കുന്നത്. ഈ വര്‍ഷം തന്നെ പുതിയ കോഴ്‌സുകളിലേക്ക് പ്രവേശനം നടത്തി ക്ലാസ്സുകളാരംഭിക്കും. ഇതിനു വേണ്ടി സര്‍വകലാശാല നിയമങ്ങളില്‍ ഭേദഗതി വരുത്തി സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. 

ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും കോവിഡ് പശ്ചാത്തലത്തില്‍ പരമാവധി വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്തിനകത്ത് തന്നെ ഉന്നതവിദ്യാഭ്യാസം നടത്താന്‍ കഴിയുന്ന സാഹചര്യം ഇതുമൂലം ഉണ്ടായിരിക്കുകയാണെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ. ടി. ജലീല്‍ അറിയിച്ചു. ഇപ്പോള്‍ നിശ്ചയിച്ച മാനദണ്ഡപ്രകാരം കോഴ്സുകള്‍ ലഭിക്കാത്ത കോളേജുകള്‍ക്ക് പുതിയ കോഴ്സുകള്‍ അനുവദിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സമയബന്ധിതമായി കൈക്കൊള്ളുന്നതാണെന്നും മന്ത്രി പറഞ്ഞു. 

Content Highlights: 197 new courses where implemented on government, aided arts and engineering colleges in kerala