തിരുവനന്തപുരം: ഒന്നാംവർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ ഈമാസം 24-ന് ആരംഭിക്കും. ഒക്ടോബർ 18 വരെയാണ് പ്ലസ് വൺ പരീക്ഷ. വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ 13 വരെയും.

പരീക്ഷകൾക്കിടയിൽ ഒന്നുമുതൽ അഞ്ചുവരെദിവസം ഇടവേളയുണ്ട്. പ്രാക്ടിക്കൽ ഇല്ലാത്ത വിഷയങ്ങൾ രാവിലെ 9.40 മുതൽ 12.30 വരെയും പ്രാക്ടിക്കൽ ഉള്ളവ 9.40 മുതൽ 12 വരെയുമാണ്. 20 മിനിറ്റ് കൂൾഓഫ് സമയമുണ്ട്.

പ്രൈവറ്റ് കമ്പാർട്ട്‌മെന്റൽ, പുനഃപ്രവേശനം, ലാറ്ററൽ എൻട്രി, പ്രൈവറ്റ് ഫുൾകോഴ്‌സ് വിഭാഗങ്ങളിൽ രജിസ്റ്റർ ചെയ്ത കുട്ടികൾക്കും ഈ വിഭാഗത്തിൽ ഇനിയും രജിസ്റ്റർ ചെയ്യേണ്ട കുട്ടികൾക്കുമായി പ്രത്യേകം പരീക്ഷ നടത്തും.

കുട്ടികൾക്ക് തയ്യാറെടുപ്പിന് ഇടവേള ഉറപ്പുവരുത്തിയാണ് ടൈംടേബിൾ തയ്യാറാക്കിയിട്ടുള്ളതെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ടൈംടേബിൾ ഹയർസെക്കൻഡറി പോർട്ടലിൽ (http://dhsekerala.gov.in) ലഭ്യമാണ്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും പരീക്ഷകൾ.