തിരുവനന്തപുരം: പത്താംതലം പ്രാഥമികപരീക്ഷ ഫെബ്രുവരി 20, 25, മാർച്ച് ആറ്്, 13 തീയതികളിലായി നാലുഘട്ടമായി നടത്താൻ പി.എസ്.സി. തീരുമാനിച്ചു. ആദ്യ മൂന്ന് ഘട്ടങ്ങളിൽ അഞ്ചുലക്ഷംവീതം അപേക്ഷകർ പരീക്ഷയെഴുതും. അവസാന ഘട്ടത്തിൽ മൂന്നുലക്ഷം പേർക്കാണ് പരീക്ഷ നടത്തുന്നത്. പത്താം ക്ലാസ് വരെ യോഗ്യതയുള്ള 192 തസ്തികകൾക്ക് അപേക്ഷിച്ച 18 ലക്ഷം പേർക്കാണ് പ്രാഥമികപരീക്ഷ നടത്തുന്നത്. ഇതിൽ വിജയിക്കുന്നവർ ഓരോ തസ്തികയ്ക്കുമായി പ്രത്യേകം നടത്തുന്ന മുഖ്യപരീക്ഷ എഴുതണം. ഓഗസ്റ്റിലോ സെപ്റ്റംബറിലോ ആയിരിക്കും മുഖ്യപരീക്ഷ.
പ്രാഥമികപരീക്ഷാ തീയതിയുടെ പ്രഖ്യാപനം വൈകുന്നത് ഉദ്യോഗാർഥികളെ ആശങ്കയിലാക്കിയിരുന്നു. ഇക്കാര്യം ‘മാതൃഭൂമി’ റിപ്പോർട്ട് ചെയ്തിരുന്നു. തിങ്കളാഴ്ചത്തെ കമ്മിഷൻ യോഗം ചർച്ചചെയ്ത് തീരുമാനത്തിലെത്തുകയായിരുന്നു. ഫെബ്രുവരി 10 മുതൽ അഡ്മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം. പരീക്ഷാതീയതി, പരീക്ഷാ സമയം, പരീക്ഷാകേന്ദ്രം തുടങ്ങിയ വിശദാംശങ്ങൾ അഡ്മിഷൻ ടിക്കറ്റിലുണ്ടാകും. ജില്ലകൾ കേന്ദ്രീകരിച്ചല്ലാതെ നാലുഘട്ടത്തിലും സംസ്ഥാനാടിസ്ഥാനത്തിലായിരിക്കും പരീക്ഷാകേന്ദ്രങ്ങളൊരുക്കുന്നത്.