തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സർവകലാശാലകൾ പരീക്ഷകൾ മാറ്റിവെക്കണമെന്ന് ചാൻസലർകൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടപ്രകാരം പരീക്ഷകൾ മാറ്റി. വിദ്യാർഥികളിൽനിന്നുൾപ്പെടെ ഗവർണർക്ക് നിവേദനങ്ങൾ ലഭിച്ചതിനെത്തുടർന്നാണിത്.

കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂർ, ആരോഗ്യ, മലയാളം, സാങ്കേതിക സർവകലാശാലകൾ തിങ്കളാഴ്ചമുതൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ പരീക്ഷാതീയതികൾ പിന്നീട് അറിയിക്കും. കേരള സർവകലാശാല മാറ്റിവെച്ച പരീക്ഷകൾ മേയ് 10 മുതൽ പുനഃക്രമീകരിക്കും. കോവിഡ് വ്യാപന സാഹചര്യത്തിൽ സർവകലാശാലാ പരീക്ഷകൾ മാറ്റിവെക്കണമെന്ന് ഡോ. ശശി തരൂർ എം.പി. ഗവർണറോട് ആവശ്യപ്പെട്ടിരുന്നു.

പൊതുപരീക്ഷകൾ തുടരണമോയെന്ന് ആലോചിക്കണം -ചെന്നിത്തല

കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പൊതുപരീക്ഷകൾ തുടരണമോയെന്ന് സർക്കാർ ആലോചനനടത്തണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. ഉൾപ്പെടെ ദേശീയതലത്തിൽ നടത്തുന്ന പരീക്ഷകളെല്ലാം മാറ്റിവെച്ചിരിക്കയാണ്. എന്നാൽ, സംസ്ഥാനത്ത് എസ്.എസ്.എൽ.സി., പ്ളസ്ടു പരീക്ഷകൾ നടക്കുകയാണ്. കോവിഡ് രണ്ടാംതരംഗം സംസ്ഥാനത്ത് ശക്തമായ സാഹചര്യത്തിൽ രക്ഷിതാക്കളും വിദ്യാർഥികളും ഉത്കണ്ഠയിലാണെന്നും അദ്ദേഹം പറഞ്ഞു.