തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ പഠന വകുപ്പുകളിൽ മൂന്നാംസെമസ്റ്റർ പി.ജി. പരീക്ഷ ഓൺലൈനായി നടത്താൻ സിൻഡിക്കേറ്റ് തീരുമാനിച്ചു. ലോക്ഡൗൺ നീളുന്ന സാഹചര്യത്തിൽ വിദ്യാർഥികളുടെ അക്കാദമിക് വർഷം നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ ബാക്കിയുള്ള പരീക്ഷകളും ഓൺലൈനാക്കുന്നത് പരിഗണനയിലാണ്.

ഏപ്രിൽ 19-ന് ശേഷം കാലിക്കറ്റിന്റെ പരീക്ഷകളൊന്നും നടന്നിട്ടില്ല. അവസാന സെമസ്റ്റർ ബിരുദപരീക്ഷ നിശ്ചയിച്ച ശേഷം മാറ്റിവെച്ചു. ബി.ടെക്., ബി.ആർക്. പരീക്ഷകളും പി.ജി. മൂന്നാം സെമസ്റ്റർ പരീക്ഷകളും തുടങ്ങിയത് പൂർത്തിയാക്കാനായിട്ടില്ല.

സർവകലാശാലാ എൻജിനീയറിങ് കോളേജിൽ ഓൺലൈൻ പരീക്ഷ നടത്തുന്നകാര്യം പരിശോധിക്കും. അഫിലിയേറ്റഡ് കോളേജുകളിൽ ഓൺലൈൻ പരീക്ഷ നടത്തുന്നത് പഠിക്കാൻ പരീക്ഷാ സ്ഥിരംസമിതിയെ ചുമതലപ്പെടുത്തി. പ്രൈവറ്റ്-വിദൂര വിഭാഗം വിദ്യാർഥികൾ കൂടിയുള്ളതിനാൽ അഫിലിയേറ്റഡ് കോളേജുകളിലെ പരീക്ഷ ഓൺലൈനാക്കുന്നത് സാങ്കേതിക പ്രയാസമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.

കേരള യൂണിവേഴ്‌സിറ്റിയിലെ നിയമനങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്ത പശ്ചാത്തലത്തിൽ കാലിക്കറ്റ് നിയമനങ്ങൾ തത്കാലം നിർത്തിവെക്കണമെന്ന് പ്രതിപക്ഷാംഗം ഡോ. റഷീദ് അഹമ്മദ് ആവശ്യപ്പെട്ടു. അസി. പ്രൊഫ. നിയമനം തുടർന്നതിൽ ഇദ്ദേഹം വിയോജിപ്പും രേഖപ്പെടുത്തി. യോഗത്തിൽ വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് അധ്യക്ഷതവഹിച്ചു.

പ്രധാന തീരുമാനങ്ങൾ

bb

കൊമേഴ്‌സ് സുവോളജി പഠവകുപ്പുകളിലായി മൂന്നുവീതം അസി.പ്രൊഫസർമാരെ നിയമിച്ചു. ലൈഫ് സയൻസിൽ സംവരണവിഭാഗത്തിലെ ഉദ്യോഗാർഥിയുടെ അഭാവം കാരണം നിയമനം നടന്നില്ല.

ബിരുദ-പി.ജി. പ്രവേശനത്തിന് സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് വിദ്യാർഥികൾക്ക് വെയിറ്റേജ് മാർക്ക് അനുവദിക്കുന്നത് സർക്കാർ പരിഗണനക്കയച്ചു.

എയ്ഡഡ് കോളേജുകളിലെ അസി. പ്രൊഫസർ നിയമന അഭിമുഖത്തിന് ഇൻഡക്‌സ് മാർക്ക് നൽകുന്നതിനുള്ള മാർഗനിർദേശങ്ങൾ സമർപ്പിക്കാൻ ഉപസമിതിയെ ചുമതലപ്പെടുത്തി.

സർവകലാശാലാ പഠനവകുപ്പുകളിലെ അധ്യാപക തസ്തികകൾ പുനഃക്രമീകരിക്കുന്നത് ഉപസമിതി പരിശോധിക്കും.

അസി. പ്രൊഫസർ സംവരണ റോസ്റ്റർ പ്രസിദ്ധീകരിക്കും.

പെരിന്തൽമണ്ണയിൽ ഇസ്‌ലാമിക് മിഷൻ ട്രസറ്റിനു കീഴിൽ പുതിയ സ്വാശ്രയ ലോ കോളേജ് തുടങ്ങുന്നത് ജില്ലാതല പരിശോധനാ സമിതിയുടെ പരിഗണനയ്ക്ക് വിട്ടു.