തിരുവനന്തപുരം: ഇക്കൊല്ലത്തെ എൻജിനീയറിങ്‌/ആർക്കിടെക്‌ചർ/ഫാർമസി/മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്ക്‌ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 21ന്‌ വൈകീട്ട്‌ 5വരെ. പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ്‌ അപേക്ഷ സമർപ്പിക്കേണ്ടത്‌. അനുബന്ധ രേഖകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 30 ആണ്‌. അപേക്ഷ സമർപ്പിക്കുന്നതിനും അനുബന്ധരേഖകൾ സമർപ്പിക്കുന്നതിനുള്ള സമയം നീട്ടിയെന്ന്‌ പ്രവേശന പരീക്ഷാ കമ്മിഷണർ അറിയിച്ചു. നീറ്റ്‌ പരീക്ഷയ്‌ക്ക്‌ അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ കേരളത്തിലെ കോളേജുകളിൽ പ്രവേശനം ആഗ്രഹിക്കുന്നപക്ഷം നിർബന്ധമായും ജൂൺ 21ന്‌ മുമ്പ്‌ കീം വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. നിശ്ചിത തീയതിക്ക്‌ ശേഷം പ്രവേശന പരീക്ഷാ കമ്മിഷണർക്ക്‌ നേരിട്ടോ തപാലിലോ ഇ-മെയിലിലോ ലഭിക്കുന്ന അപേക്ഷകളും സർട്ടിഫിക്കറ്റുകളും പരിഗണിക്കില്ല. അപേക്ഷകൾ ഏതെങ്കിലും ഒരു കോഴ്‌സിനോ എല്ലാ കോഴ്‌സുകളിലേയ്‌ക്കുമോ ഉള്ള പ്രവേശനത്തിന്‌ ഒരു ഓൺലൈൻ അപേക്ഷ മാത്രമേ സമർപ്പിക്കാവൂ. 2021-ലെ സംസ്ഥാന പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകളിലേയ്‌ക്കുള്ള പ്രവേശനത്തിനായുള്ള പ്രോസ്‌പെക്‌ടസ്‌, പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കുമെന്നും കമ്മിഷണർ അറിയിച്ചു. ഹെൽപ്പ്‌ ലൈൻ നമ്പർ : 0471-2525300.