കരിവെള്ളൂർ: സംസ്ഥാനത്തെ എൽ.എസ്.എസ്., യു.എസ്.എസ്. പരീക്ഷകൾക്കുള്ള മാർഗനിർദേശങ്ങൾ പരീക്ഷാ കമ്മിഷണർ പുറപ്പെടുവിച്ചു. സ്കൂളുകൾ പ്രവർത്തിക്കാത്ത സാഹചര്യത്തിൽ പരീക്ഷാരീതിയിൽ കാതലായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. രണ്ട് പരീക്ഷകളും ഏപ്രിൽ ഏഴിന് രാവിലെ 10 മുതൽ 12.20 വരെയായിരിക്കും. 2020 ഒക്ടോബർ 31 വരെ പഠിപ്പിക്കേണ്ടിയിരുന്ന പാഠഭാഗങ്ങളിൽനിന്നായിരിക്കും രണ്ട് പരീക്ഷകൾക്കും ചോദ്യങ്ങൾ വരിക.
എൽ.എസ്.എസ്. പരീക്ഷയ്ക്ക് 50 സ്കോറിന്റെ ചോദ്യങ്ങളാണുണ്ടാവുക. ഇതിൽ 30 സ്കോർ ലഭിക്കുന്ന വിദ്യാർഥിക്ക് സ്കോളർഷിപ്പ് ലഭിക്കും. യു.എസ്.എസിന് ഓരോ സ്കോർ വീതമുള്ള 70 ചോദ്യങ്ങളാണ് ഉണ്ടാവുക. ഇതിൽ 60 ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതി. 42 സ്കോറോ അതിൽ കൂടുതലോ ലഭിച്ചാൽ സ്കോളർഷിപ്പ് ലഭിക്കും.
മാർച്ച് എട്ടുമുതൽ 19 വരെയാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാനുള്ള സമയം. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കും പരീക്ഷകൾ നടക്കുക.