തിരുവനന്തപുരം: സംസ്ഥാനത്ത് ഒൻപത്, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്ലസ് വൺ ക്ലാസുകൾ തിങ്കളാഴ്ച തുടങ്ങും. ഇതോടെ കോവിഡ് വ്യാപനത്തെ തുടർന്ന് അടഞ്ഞുകിടന്ന സംസ്ഥാനത്തെ സ്കൂളുകളിലെ മുഴുവൻ ക്ലാസുകളും പ്രവർത്തിക്കും. ചില ജില്ലകളിലും താലൂക്കുകളിലും മഴക്കെടുതി പ്രമാണിച്ച് തിങ്കളാഴ്ച കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

എല്ലാ ക്ലാസുകളും ഉച്ചവരെ മാത്രമേയുള്ളൂ. പ്ലസ്ടുകാർക്ക് തിങ്കളാഴ്ച അവധിയാണ്. ഒന്നുമുതൽ ഏഴുവരെ ക്ലാസുകൾ നവംബർ ഒന്നിന് ആരംഭിച്ചിരുന്നു. എട്ടാംക്ലാസ് കഴിഞ്ഞയാഴ്ചയും തുടങ്ങി. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുടെ എണ്ണത്തിൽ വർധനയുള്ളതിനാൽ പ്ലസ് വൺകാരിൽ പകുതിപ്പേർമാത്രം ആദ്യദിനം ക്ലാസിലെത്തിയാൽമതി. ഇക്കാര്യത്തിൽ പ്രിൻസിപ്പൽമാർക്ക് തീരുമാനമെടുക്കാം. കോവിഡ് മാനദണ്ഡങ്ങളും സർക്കാർ പുറത്തിറക്കിയ മാർഗരേഖയും പാലിക്കുന്നുണ്ടെന്ന് സ്കൂളധികൃതർ ഉറപ്പുവരുത്തണമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പ്ലസ്‌വണ്ണിന് അധിക ബാച്ച് അനുവദിക്കുന്നതിൽ 23-ലെ അലോട്ട്‌മെന്റ് പരിശോധിച്ചശേഷം തീരുമാനം ഉണ്ടാകും. മാർഗരേഖയിൽ മാറ്റംവരുത്തുന്നുണ്ടെങ്കിൽ എല്ലാവരെയും അറിയിക്കും. പ്ലസ് വൺ വിദ്യാർഥികളെ സ്വീകരിക്കാൻ മന്ത്രി മണക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ ഒമ്പതുമണിക്കെത്തും.