എടപ്പാൾ: കോവിഡ് പ്രതിസന്ധിമൂലം വീടുകളിൽത്തന്നെ കഴിയുന്ന കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പാക്കാൻ വിക്ടേഴ്‌സ് ചാനൽ സംവിധാനമൊരുക്കുന്നു. വിദഗ്ധഡോക്ടർമാരെ പങ്കെടുപ്പിച്ച് കുട്ടികളുടെ സംശയങ്ങളും ആശങ്കകളും അകറ്റാനുള്ള ഫോൺ ഇൻ പരിപാടി ദിവസവും നടത്താനാണ് നീക്കം.

സംസ്ഥാന വനിതാ ശിശുവികസന വകുപ്പുമായി സഹകരിച്ച് ദിവസവും 11 മുതൽ 12.30 വരെയാണ് പരിപാടി. പഠനപ്രശ്‌നങ്ങൾ, കുട്ടികളുടെ ശരിയായ വളർച്ചയും വികാസവും, ഉത്തരവാദിത്വപൂർണമായ രക്ഷാകർതൃത്വം, ഡിജിറ്റൽ അഡിക്‌ഷൻ, കൗമാരപ്രശ്‌നങ്ങൾ എന്നിങ്ങനെ ഏതു വിഷയങ്ങളിലും പരിഹാരംതേടാം.

മാനസികാരോഗ്യം എന്ന ലൈവ് പരിപാടിയിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും സംശയങ്ങൾ ചോദിക്കുകയും പരിഹാരംനേടുകയും ചെയ്യാം. ദിവസവും വൈകുന്നേരം 6.30 മുതൽ എട്ടുവരെ ഇതിന്റെ പുനഃസംപ്രേഷണവും നടക്കും. പിന്നീട് കൈറ്റ് വിക്ടേഴ്‌സ് യൂട്യൂബിലും കാണാൻ സംവിധാനമുണ്ടാകും. താത്‌പര്യമുള്ളവർക്ക് 1800 425 9877 നമ്പറിൽ വിളിക്കാം.