ചെന്നൈ: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിലെ എല്ലാ സർവകലാശാലകളിലും സെമസ്റ്റർ പരീക്ഷകൾ നീട്ടിവെച്ചു. ആരോഗ്യവിദഗ്ധരുമായുള്ള ആലോചനകൾക്കുശേഷം വിദ്യാർഥികളുടെ സുരക്ഷ മുൻകരുതിയാണ് തീരുമാനമെടുത്തതെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി കെ. പൊൻമുടി അറിയിച്ചു. കോവിഡ് സാഹചര്യം മെച്ചപ്പെട്ടശേഷം പരീക്ഷകൾ നടത്തുമെന്നും വിജ്ഞാപനം പരീക്ഷയ്ക്ക് ഒരാഴ്ചമുമ്പെങ്കിലും പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു. സർവകലാശാലകളിലും കോളേജുകളിലും ഈ മാസം 20 മുതൽ സെമസ്റ്റർ പരീക്ഷകൾ നേരിട്ടുനടത്തുമെന്നാണ് സർക്കാർ നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ തീരുമാനം മാറ്റുകയായിരുന്നു. കോളേജ് വിദ്യാർഥികൾക്ക് നിലവിൽ പഠനാവധി നൽകിയിരിക്കുകയാണ്. വിദ്യാർഥികളെ നിർബന്ധിച്ച് വരുത്തി നേരിട്ട് ക്ലാസ് നടത്തരുതെന്നും വിലക്ക്‌ ലംഘിച്ചാൽ സ്ഥാപനത്തിനെതിരേ നടപടിയെടുക്കുമെന്നും കാണിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്.