തിരുവനന്തപുരം: അഖിലേന്ത്യ സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മുസ്‌ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെടുന്ന ഉദ്യോഗാർഥികൾക്ക് സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് കോഴ്‌സ് ഫീസും ഹോസ്റ്റൽ ഫീസും ജനസംഖ്യാനുപാതികമായി റീ ഇംബേഴ്‌സ് ചെയ്യുന്ന പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു.

കോഴ്‌സ് ഫീസായി 20,000 രൂപയും ഹോസ്റ്റൽ ഫീസായി 10,000 രൂപയുമാണ് നൽകുന്നത്. അപേക്ഷകർ കേരള സിവിൽ സർവീസ് അക്കാദമി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ റിസർച്ച്‌ പൊന്നാനി, യൂണിവേഴ്‌സിറ്റികൾ നടത്തുന്ന പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സിവിൽ സർവീസ് പരിശീലനം നടത്തുന്നവരും നോൺ ക്രീമിലിയർ പരിധിയിൽ ഉൾപ്പെടുന്നവരുമായിരിക്കണം.

വാർഷിക വരുമാനം എട്ടുലക്ഷം രൂപയിൽ കവിയരുത്. ബി.പി.എൽ. വിഭാഗത്തിൽപ്പെടുന്ന അപേക്ഷകർക്ക് മുൻഗണന നൽകും. www.minortiywelfare.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം.

എഴുത്തുപരീക്ഷ 26-ന്

തിരുവനന്തപുരം: കേരള ഹൈക്കോടതിയിലെ കംപ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ്-രണ്ട് തസ്തികയിലേക്കുള്ള (റിക്രൂട്ടമെന്റ് നമ്പർ 22/2020) എഴുത്തുപരീക്ഷ 26-ന് നടത്തും. അഡ്മിഷൻ ടിക്കറ്റ് www.hckrecruitment.nic.in ൽ നിന്ന് Step II/Registered Applicant ൽ ലോഗിൻ ചെയ്ത് എടുക്കാം.

സഹകരണ വിജിലൻസ് ഓഫീസ് ജവഹർ സഹകരണ ഭവനിൽ

തിരുവനന്തപുരം: ഓവർ ബ്രിഡ്ജിനു സമീപം കേരള ബാങ്കിന്റെ ഓഫീസ് കെട്ടിടത്തിലെ സഹകരണ വിജിലൻസ് ഓഫീസ് ജഗതി ഡി.പി.ഐ.ക്ക് സമീപത്തെ ജവഹർ സഹകരണഭവനിലെ പുതിയ ഓഫീസിൽ പ്രവർത്തനമാരംഭിച്ചു. മന്ത്രി വി.എൻ.വാസവൻ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു. ജവഹർ സഹകരണ ഭവനിലെ ഏഴാമത്തെ നിലയിലാണ് സഹകരണ വിജിലൻസ് ഓഫീസ് പ്രവർത്തിക്കുന്നത്.

ഹിന്ദി സ്‌കോളർഷിപ്പ്

തിരുവനന്തപുരം: കേരളത്തിലെ ആർട്‌സ് ആൻഡ്‌ സയൻസ് കോളേജുകളിലും യൂണിവേഴ്‌സിറ്റി ഡിപ്പാർട്ട്‌മെന്റുകളിലും പഠിക്കുന്ന ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്ക് 2021-22 അധ്യയന വർഷം ഹിന്ദി സ്‌കോളർഷിപ്പ് പുതുക്കി നൽകുന്നതിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. www.dcescholarship.kerala.gov.in മുഖേന 15നകം അപേക്ഷ സമർപ്പിക്കാം.