തിരുവനന്തപുരം: 2021-ലെ എൻജിനീയറിങ്‌ ആർക്കിടെക്‌ചർ ഫാർമസി കോഴ്‌സുകളിലേക്കുള്ള മൂന്നാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ്‌ www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. സ്വകാര്യ സ്വാശ്രയ എൻജിനീയറിങ്‌/ ആർക്കി‌ടെക്‌ചർ/ഫാർമസി കോളേജുകളിലേക്ക്‌ പ്രവേശനപ്പരീക്ഷാ കമ്മിഷണർ നടത്തുന്ന അവസാന അലോട്ട്‌മെന്റ്‌ ആയിരിക്കുമിത്‌.

അലോട്ട്‌മെന്റ്‌ ലഭിച്ച വിദ്യാർഥികൾ 15-ന്‌ വൈകീട്ട്‌ 4-ന്‌ മുമ്പായി അതത്‌ കോളേജുകളിൽ പ്രവേശനം നേടണം. അലോട്ട്‌മെന്റ്‌ സംബന്ധിച്ച വിവരങ്ങൾ വിദ്യാർഥികളുടെ ഹോം പേജിലുണ്ട്‌. അലോട്ട്‌മെന്റ്‌ ലഭിച്ച വിദ്യാർഥികൾ ഹോം പേജിൽനിന്ന്‌ ഈ ഘട്ടത്തിലെ അലോട്ട്‌മെന്റ്‌ മെമ്മോയുടെ പ്രിന്റൗട്ട്‌ എടുക്കണം. അലോട്ട്‌മെന്റ്‌ മെമ്മോയിൽ കാണിച്ചിട്ടുള്ളതും പ്രവേശനപ്പരീക്ഷാ കമ്മിഷണർക്ക്‌ അടയ്‌ക്കേണ്ടതുമായ ഫീസ്‌ 10 മുതൽ 15-ന്‌ വൈകീട്ട്‌ നാലുവരെ ഓൺലൈൻ പേയ്‌മെന്റ്‌ മുഖാന്തരമോ കേരളത്തിലെ ഏതെങ്കിലും ഹെഡ്‌ പോസ്റ്റ്‌ ഓഫീസ്‌ മുഖാന്തരമോ ഒടുക്കണം. തുടർന്ന്‌ 15-ന്‌ വൈകീട്ട്‌ 4-നകം അലോട്ട്‌മെന്റ്‌ ലഭിച്ച കോളേജുകളിൽ പ്രവേശനം നേടണം. നിശ്ചിത സമയത്തിനുള്ളിൽ കോളേജുകളിൽ പ്രവേശനം നേടാത്ത വിദ്യാർഥികളുടെ അലോട്ട്‌മെന്റ്‌ റദ്ദാക്കും.

എൻജിനീയറിങ്‌/ആർക്കിടെക്‌ചർ/ഫാർമസി കോഴ്‌സുകളിൽ പ്രവേശനം നേടേണ്ട തീയതിയും സമയവും ഉൾപ്പെടുത്തിക്കൊണ്ടുള്ള വിശദമായ ഷെഡ്യൂൾ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 0471 2525300.