കണ്ണൂർ: കണ്ണൂർ സർവകലാശാല മാർച്ച് ഒൻപതിനും 10-നും നടത്തേണ്ടിയിരുന്ന പരീക്ഷകൾ മാറ്റിവെച്ചത് 16, 18 തീയതികളിലേക്കാണെന്ന് എസ്.എഫ്.ഐ. പ്രഖ്യാപിച്ചതിന് സർവകലാശാലയുടെ ഉറപ്പും. സർവകലാശാലയുടെ ഔദ്യോഗിക തീരുമാനം വന്നത് ചൊവ്വാഴ്ച വൈകുന്നേരമാണ്. അഞ്ചാം സെമസ്റ്റർ ബിരുദ പരീക്ഷയും മൂന്നാം സെമസ്റ്റർ പി.ജി. പരീക്ഷയുമാണ് മാറ്റിയത്.

ആർമി റിക്രൂട്ട്‌മെന്റ് നടക്കുന്നതിനാൽ പരീക്ഷ വേറെ ദിവസങ്ങളിലേക്ക് മാറ്റണമെന്ന് വിദ്യാർഥി സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. തീയതി മാറ്റൽ പ്രയാസമാണെന്ന് പരീക്ഷാവിഭാഗം അറിയിച്ചു. എന്നാൽ എസ്.എഫ്.ഐ.യും സർവകലാശാലാ യൂണിയനും സമ്മർദം ചെലുത്തി പരീക്ഷ മാറ്റിവെപ്പിക്കുകയായിരുന്നു. പ്രായോഗിക പ്രശ്നങ്ങൾ കാരണം പരീക്ഷാവിഭാഗം വിയോജിച്ചെങ്കിലും പരീക്ഷ മാറ്റാൻ വൈസ്ചാൻസലർ ഉത്തരവിടുകയായിരുന്നു.

മാറ്റിവെച്ച പരീക്ഷകൾ എപ്പോൾ നടത്തണമെന്ന് സർവകലാശാല തീരുമാനിക്കുന്നതിനുമുമ്പ് മാർച്ച് 16, 18 തീയതികളിൽ നടക്കുമെന്നുകൂടി എസ്.എഫ്.ഐ. പ്രഖ്യാപിച്ചതാണ് പ്രശ്നം രൂക്ഷമാക്കിയത്. പി.എസ്.സി.യുടെ പ്രിലിമിനറി പരീക്ഷ കാരണം ഫെബ്രുവരി 20, 25 തിയതികളിലെ പരീക്ഷ മാർച്ച് ഒൻപത്, 10 തീയതികളിലേക്ക് മാറ്റിയത് വീണ്ടും 16, 18 തീയതികളിലേക്ക് മാറ്റുമ്പോൾ ആ ദിവസങ്ങളിൽ നടക്കേണ്ട മൂന്നാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെ കാര്യത്തിൽ എന്തുചെയ്യുമെന്നതാണ് പരീക്ഷാവിഭാഗത്തെ കുഴക്കിയത്. 16, 18 തീയതികളിലെ പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ടും എസ്.എഫ്.ഐ. നിവേദനം നൽകി. ഒടുവിൽ ആ പരീക്ഷകളും മാറ്റി. മാർച്ച് 25-നും 26-നുമാണ് ആ പരീക്ഷകൾ നടക്കുക.