കാസർകോട്: കേന്ദ്രസർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പുവഴി നൽകുന്ന സ്കോളർഷിപ്പിന് കുട്ടികൾക്ക് അപേക്ഷിക്കാൻ സംസ്ഥാനത്തെ സ്കൂളുകൾ നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പോർട്ടലിൽ ഇതുവരെ രജിസ്റ്റർചെയ്യാത്ത സംസ്ഥാനത്തെ എല്ലാ സ്കൂളുകളും നവംബർ 15-ന് മുമ്പ് രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. സ്കൂളുകൾ രജിസ്റ്റർചെയ്യാത്ത കാരണത്താൽ കുട്ടികളുടെ അവസരം നഷ്ടപ്പെടാതിരിക്കാൻ സ്കൂൾ അധികൃതർ ശ്രദ്ധിക്കണമെന്നും ഉത്തരവിൽ പറയുന്നു.

ന്യൂനപക്ഷ മതവിഭാഗങ്ങളിലെ കുട്ടികൾക്കുള്ള പ്രീ മെട്രിക്, ഭിന്നശേഷിക്കാർക്കുള്ള പ്രീ മെട്രിക്, മീൻസ് കം മെറിറ്റ് എന്നീ സ്കോളർഷിപ്പുകൾക്കുള്ള അപേക്ഷ കേന്ദ്രസർക്കാർ ഇതിനകം ക്ഷണിച്ചിട്ടുണ്ട്. എന്നാൽ സ്കൂൾ രജിസ്‌ട്രേഷൻ പൂർത്തിയാക്കാത്തതിനാൽ ചില കുട്ടികൾക്ക് ഇതിന് അപേക്ഷിക്കാൻ സാധിക്കുന്നില്ലെന്ന് പരാതിയുയർന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പ് ഈ നിർദേശം നൽകിയത്.

സ്കൂൾ പ്രൊഫൈലിൽ അധികൃതർ നൽകുന്ന ഫീസ് വിവരങ്ങൾ കുട്ടികളുടെ സ്കോളർഷിപ്പിനുള്ള അപേക്ഷയിൽ സോഫ്റ്റ്‌വെയർ വഴി രേഖപ്പെടുത്തുന്നതാണ്. നിലവിൽ രജിസ്റ്റർചെയ്ത സ്കൂളുകൾക്ക് വിവരങ്ങൾ പുതുക്കാനും അവസരമുണ്ട്. ഇതിന് പുതിയ വിവരങ്ങൾ രേഖപ്പെടുത്തിയ അപേക്ഷ ജില്ലാ നോഡൽ ഓഫീസറായ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ സമർപ്പിക്കണം. വെബ്‌സൈറ്റ്: www.scholarships.gov.in.