തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകൾ വ്യാഴാഴ്ച തുടങ്ങും. വെള്ളിയാഴ്ച തുടങ്ങുന്ന വി.എച്ച്.എസ്.ഇ.യിൽ അടക്കം മൂന്നുവിഭാഗങ്ങളിലുമായി ഒമ്പതുലക്ഷത്തോളം വിദ്യാർഥികൾ പരീക്ഷയെഴുതും.

എസ്.എസ്.എൽ.സി. പരീക്ഷ 29-നും ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ. പരീക്ഷകൾ 26-നും അവസാനിക്കും. 2947 കേന്ദ്രങ്ങളിലായി 4,22,226 പേരാണ് എസ്.എസ്.എൽ.സി. പരീക്ഷയെഴുതുന്നത്. ഇതിൽ 2,15,660 പേർ ആൺകുട്ടികളും 2,06,566 പേർ പെൺകുട്ടികളുമാണ്. ഗൾഫിൽ ഒമ്പതുകേന്ദ്രങ്ങളിലായി 573-ഉം ലക്ഷദ്വീപിൽ ഒമ്പതുകേന്ദ്രങ്ങളിലായി 627-ഉം പേർ പരീക്ഷയെഴുതുന്നുണ്ട്.

2004 കേന്ദ്രങ്ങളിലായി 4,46,471 പേരാണ് ഹയർസെക്കൻഡറി പരീക്ഷയെഴുതുന്നത്. ഇതിൽ 2,26,325 പേർ ആൺകുട്ടികളും 2,20,146 പേർ പെൺകുട്ടികളുമാണ്. 27,000 വിദ്യാർഥികളാണ് വി.എച്ച്.എസ്.ഇ. പരീക്ഷയെഴുതുന്നത്.

തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് വി.കെ.എം.എം. എച്ച്.എസിലാണ് കൂടുതൽ (2076) കുട്ടികൾ പരീക്ഷയെഴുതുന്നത്. ടി.എച്ച്.എസ്.എൽ.സി. വിഭാഗത്തിൽ 48 കേന്ദ്രങ്ങളിലായി 2889 വിദ്യാർഥികൾ പരീക്ഷയെഴുതുന്നുണ്ട്.

വ്യാഴാഴ്ചയും തിങ്കളാഴ്ചയും ഉച്ചയ്ക്ക് 1.40 മുതലും വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.40 മുതലുമാണ് എസ്.എസ്.എൽ.സി. പരീക്ഷ. റംസാൻ നോമ്പ് പ്രമാണിച്ച് 15 മുതൽ 29 വരെയുള്ള പരീക്ഷകൾ രാവിലെ 9.40-നു തുടങ്ങും. ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ. പരീക്ഷകൾ രാവിലെ 9.40-നാണ്.