തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. 51,140 മെറിറ്റ് സീറ്റിൽ ട്രയൽ അലോട്ട്‌മെന്റിലേക്കാൾ 977 സീറ്റുകൾകൂടി ഉൾപ്പെടുത്തി. 46,785 പേരാണ് ആദ്യഘട്ടത്തിൽ പട്ടികയിൽ ഇടംനേടിയത്.

അലോട്ട്‌മെന്റിലുൾപ്പെട്ടവർ ഒൻപതിനകം മാൻഡേറ്ററി ഫീസടച്ച് പ്രവേശനം ഉറപ്പാക്കണം. എസ്.സി./എസ്.ടി./ഒ.ഇ.സി./ഒ.ഇ.സിക്കുതുല്യമായ വിദ്യാഭ്യാസാനുകൂല്യം ലഭിക്കുന്ന ഇതര 30 സമുദായങ്ങളിലെ വിദ്യാർഥികൾ എന്നിവർക്ക് 115 രൂപയും മറ്റുള്ളവർക്ക് 480 രൂപയുമാണ് മാൻഡേറ്ററി ഫീസ്. നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ മാൻഡേറ്ററി ഫീസടയ്ക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടമാണ്‌.

രണ്ടാം അലോട്ട്‌മെന്റിനുശേഷമേ വിദ്യാർഥികൾ കോളേജുകളിൽ പ്രവേശനം നേടേണ്ടതുള്ളൂ. ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന പക്ഷം ആ ഓപ്ഷനുകളിൽ ഏതെങ്കിലും ഒന്നിലേക്ക്‌ തുടർന്ന് അലോട്ട്‌മെന്റ് ലഭിച്ചാൽ അത്‌ നിർബന്ധമായും സ്വീകരിക്കണം.

ലഭിച്ച ഓപ്ഷനിൽ തൃപ്തരായി ഹയർ ഓപ്ഷൻ റദ്ദ് ചെയ്തവർക്ക് അഡ്മിറ്റ് കാർഡ് ഡൗൺലോഡുചെയ്ത് അതതു കോളേജുകളിൽ പ്രവേശനം നേടാം. രണ്ടാം അലോട്ട്‌മെന്റിനുശേഷവും ഈ വിദ്യാർഥികൾക്ക് പ്രവേശനം നേടാൻ സൗകര്യം ഉണ്ടായിരിക്കും. ലോഗിൻചെയ്ത് ആവശ്യമില്ലാത്ത ഓപ്ഷനുകൾ റദ്ദാക്കിയാൽ മതി. ഹയർ ഓപ്ഷൻ റദ്ദാക്കുന്നവർ നിർബന്ധമായും പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് സൂക്ഷിക്കണം.