തിരുവനന്തപുരം: പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റും ഒന്നാമത്തെ അലോട്ട്‌മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് www.polyadmission.org യിൽ ആപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും നൽകി ലിസ്റ്റ് പരിശോധിക്കാം. പ്രവേശനത്തിനോ രജിസ്റ്റർ ചെയ്യാനോ താല്പര്യമുള്ളവർ സെപ്റ്റംബർ ഒൻപതിന് നാലുമണിക്ക് മുൻപ്‌ ചെയ്യണം. അലോട്ട്‌മെന്റ് ലഭിച്ചവർക്ക് അവരുടെ ഉയർന്ന ഓപ്ഷനുകൾ ഓൺലൈനായി പുനഃക്രമീകരിക്കാം.

ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്ന അപേക്ഷകർ അവർക്ക് അലോട്ട്‌മെന്റ് കിട്ടിയ കോളേജിൽ അപേക്ഷയിൽ പ്രതിപാദിച്ചിട്ടുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായെത്തി ഫീസ് അടച്ച്‌ പ്രവേശനം നേടാം. അല്ലാത്ത അപേക്ഷകരുടെ അലോട്ട്‌മെന്റ് റദ്ദാക്കും.

നിലവിൽ ലഭിച്ച അലോട്ട്‌മെന്റിൽ തൃപ്തരായ അപേക്ഷകർക്ക് അത് ഒന്നാമത്തെ ഓപ്ഷൻ അല്ലെങ്കിലും ആപ്ലിക്കേഷനിൽ പ്രതിപാദിച്ചിട്ടുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരായി ഫീസടച്ച്‌ പ്രവേശനം നേടാം.

ഇപ്പോൾ ലഭിച്ച അലോട്ട്‌മെന്റ് നിലനിർത്തുകയും എന്നാൽ, ഉയർന്ന ഓപ്ഷനുകളിലേക്കു മാറാൻ ആഗ്രഹിക്കുകയും ചെയ്യുന്ന അപേക്ഷകർ ഏറ്റവുമടുത്തുള്ള ഗവൺമെന്റ്/എയ്ഡഡ്/ഐ.എച്ച്.ആർ.ഡി. പോളിടെക്‌നിക്കിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായെത്തി ഹാജരായി വെരിഫിക്കേഷൻ നടത്തി (സർട്ടിഫിക്കറ്റുകൾ തിരികെ നൽകും) രജിസ്റ്റർ ചെയ്യണം. അങ്ങനെയുള്ള അപേക്ഷകർ ഇനി വരുന്ന ഏതെങ്കിലും അലോട്ട്‌മെന്റുകളിൽ പ്രവേശനം നേടണം. അല്ലെങ്കിൽ അലോട്ട്‌മെന്റ് റദ്ദാകും. ഇപ്പോൾ ലഭിച്ച അലോട്ട്‌മെൻറ്റിൽ താല്പര്യമില്ലാത്തവരും ഉയർന്ന ഓപ്ഷൻ മാത്രം പരിഗണിക്കുന്നവരും നിലവിൽ ഒന്നും ചെയ്യേണ്ട.