തിരുവനന്തപുരം: പി.ജി. ഡെന്റൽ കോഴ്‌സിലേക്ക്‌ പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റ്‌ മുഖേന അപേക്ഷ സമർപ്പിക്കുകയും ഓപ്‌ഷൻ സമർപ്പിക്കുകയും ചെയ്ത വിദ്യാർഥികളുടെ ആദ്യഘട്ട അലോട്ട്‌മെന്റ്‌ ലിസ്റ്റ്‌ പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്‌ സൈറ്റിൽ പ്രസിദ്ധീകരിച്ചു. സർവീസ്‌ ക്വാട്ട, സ്വാശ്രയ ഡെന്റൽ കോളേജുകളിലെ മൈനോറിറ്റി ക്വാട്ട, എൻ.ആർ.ഐ. ക്വാട്ട എന്നീ സീറ്റുകളിലേക്കുള്ള അലോട്ട്‌മെന്റ്‌ ഈ ഘട്ടത്തിൽ നടത്തിയിട്ടില്ല. അപേക്ഷാർഥികൾ ഓൺലൈൻ അപേക്ഷയോടൊപ്പം ക്ലെയിം ചെയ്ത കമ്യൂണിറ്റി/കാറ്റഗറി അനുസരിച്ചാണ്‌ ആദ്യഘട്ട അലോട്ട്‌മെന്റ്‌ ലിസ്റ്റ്‌ തയ്യാറാക്കൽ.

എന്നാൽ ഓൺലൈൻ അപേക്ഷയുടെയും സർട്ടിഫിക്കറ്റുകളുടെയും സൂക്ഷ്മപരിശോധന വേളയിൽ ആവശ്യപ്പെട്ടിരുന്ന കാറ്റഗറി/കമ്യൂണിറ്റി സംബന്ധിച്ച ശരിയായ സർട്ടിഫിക്കറ്റുകൾ ഓൺലൈനായി സമർപ്പിക്കാൻ കഴിയാത്തവരുടെ കാറ്റഗറി/കമ്യൂണിറ്റി ക്ലെയിം റദ്ദാക്കും.

ഈ ഘട്ടത്തിൽ ലഭിച്ച അലോട്ട്‌മെന്റ്‌ പ്രസ്‌തുത കാറ്റഗറി/കമ്യൂണിറ്റി മുഖാന്തരം ആണെങ്കിൽ അതും റദ്ദാക്കും. ഇത്തരം അപേക്ഷകരെ ജനറൽ കാറ്റഗറി വിഭാഗത്തിൽ ഉൾപ്പെടുത്തി ശേഷിക്കുന്ന ഹയർ ഓപ്‌ഷനുകൾ മാത്രം പരിഗണിച്ച്‌ അവേശഷിക്കുന്ന ഒഴിവുകളിലേക്ക്‌ മാത്രമായിരിക്കും തുടർന്നുള്ള അലോട്ട്‌മെന്റിൽ ഉൾപ്പെടുത്തുക. ആദ്യഘട്ട അലോട്ട്‌മെന്റ്‌ ലഭിച്ച വിദ്യാർഥികളുടെ കോളേജ്‌ പ്രവേശനം സംബന്ധിച്ച വിശദമായ ഷെഡ്യൂൾ വിജ്ഞാപനം വഴി പിന്നീട്‌ പ്രസിദ്ധീകരിക്കും.