തിരുവനന്തപുരം: സ്വകാര്യ സ്വാശ്രയ എൻജിനീയറിങ്‌/ ആർക്കിടെക്‌ചർ കോളേജ്‌ മാനേജ്‌മെന്റുകളുമായി സർക്കാർ ഏർപ്പെടുന്ന കരാറിനു വിധേയമായി സ്വകാര്യ സ്വാശ്രയ എൻജിനീയറിങ്‌/ആർക്കിടെക്‌ചർ കോളേജുകളിലെ നിശ്ചിത ശതമാനം കമ്യൂണിറ്റി/ രജിസ്റ്റേർഡ്‌ സൊസൈറ്റി/രജിസ്റ്റേർഡ്‌ ട്രസ്റ്റ്‌ ക്വാട്ടയിലേക്ക്‌ പ്രവേശന പരീക്ഷാ കമ്മിഷണർ അലോട്ട്‌മെന്റ്‌ നടത്തും. പട്ടിക പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റിൽ ചേർത്തിട്ടുണ്ട്‌.

പട്ടിക-1ൽ ചേർത്തിട്ടുള്ള കോളേജുകളിലെ 15 ശതമാനം കമ്യൂണിറ്റി ക്വാട്ടാ സീറ്റുകളിലേക്ക്‌ പ്രവേശന പരീക്ഷാ കമ്മിഷണർ പ്രസിദ്ധീകരിക്കുന്ന മുസ്‌ലിം/ ലാറ്റിൻ കാത്തലിക്‌ കമ്യൂണിറ്റി ക്വാട്ടാ ലിസ്റ്റിൽ ഉൾപ്പെടുന്ന വിദ്യാർഥികൾ നൽകുന്ന ഓപ്‌ഷന്റെ അടിസ്ഥാനത്തിൽ അതത്‌ കോളേജുകളിലേക്ക്‌ അലോട്ട്‌മെന്റ്‌ നൽകും. കമ്യൂണിറ്റി ക്വാട്ടാ ലിസ്റ്റ്‌ അലോട്ട്‌മെന്റിനു മുമ്പായി വെബ്‌ സൈറ്റിൽ പ്രസിദ്ധീകരിക്കും.

പട്ടിക 2-ൽ ഉൾപ്പെട്ടിട്ടുള്ള കോളേജുകളിൽ കമ്യൂണിറ്റി/രജിസ്റ്റേർഡ്‌ സൊസൈറ്റി/ രജിസ്റ്റേഡ്‌ ട്രസ്റ്റ്‌ ക്വാട്ടാ സീറ്റുകളിലേക്ക്‌ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിലെ ‘KEAM 2021 Candidate Portal’ എന്ന ലിങ്കിലൂടെ അവരവരുടെ ഹോം പേജിൽ പ്രവേശിച്ച്‌ ‘Community Quota Proforma’ എന്ന മെനു ഐറ്റം ക്ളിക്ക്‌ ചെയ്ത്‌ കോളേജ്‌ സെലക്‌ട്‌ ചെയ്യുമ്പോൾ ലഭിക്കുന്ന പ്രൊഫോർമയുടെ പ്രിന്റൗട്ട്‌ എടുത്ത്‌ ഒപ്പിട്ടശേഷം, ആവശ്യമായ രേഖകൾ സഹിതം ഒക്ടോബർ 7ന്‌ വൈകീട്ട്‌ 4ന്‌ മുൻപായി അതത്‌ കോളേജ്‌ അധികൃതരുടെ മുമ്പാകെ ഹാജരാക്കണം. വിദ്യാർഥികളുടെ പട്ടിക കോളേജ്‌ പോർട്ടൽ വഴി കോളേജ്‌ അധികൃതർ അന്നേ ദിവസം വൈകീട്ട്‌ 5ന്‌ മുമ്പായി പ്രവേശന പരീക്ഷാ കമ്മിഷണർക്ക്‌ സമർപ്പിക്കണം.

പട്ടിക 2-ൽ ഉൾപ്പെട്ടിട്ടുള്ള ലാറ്റിൻ കാത്തലിക്‌ കമ്യൂണിറ്റിയിൽ ഉൾപ്പെട്ട കോളേജുകളിലേക്ക്‌ പ്രവേശന പരീക്ഷാ കമ്മിഷണർ പ്രസിദ്ധീകരിച്ച കാറ്റഗറി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ലാറ്റിൻ കാത്തലിക്‌ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളെയും പരിഗണിക്കും. ഇവർ കോളേജിൽ ഹാജരായി രേഖകൾ സമർപ്പിക്കേണ്ടതില്ല. ഹെൽപ്പ്‌ ലൈൻ നമ്പരുകൾ: 04712525300.