തിരുവനന്തപുരം: കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിൽ 2021-22 അക്കാദമിക് വർഷത്തേക്കുള്ള എം.ബി.ബി.എസ്. വിദ്യാർഥികളെ പ്രവേശിപ്പിക്കാൻ നാഷണൽ മെഡിക്കൽ കമ്മിഷന്റെ അനുമതി ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. നാഷണൽ മെഡിക്കൽ കമ്മിഷൻ മെഡിക്കൽ അസസ്‌മെന്റ് ആൻഡ്‌ റേറ്റിങ്‌ ബോർഡാണ് അനുമതി നൽകിയത്. 100 എം.ബി.ബി.എസ്. സീറ്റുകൾക്കാണ് അനുമതി. അടുത്ത ബാച്ച് എം.ബി.ബി.എസ്. വിദ്യാർഥികളുടെ പ്രവേശനത്തിനുള്ള നടപടികൾ ത്വരിതപ്പെടുത്തും. പി.ജി. സീറ്റിനുള്ള അനുമതി ലഭ്യമാക്കുകയാണ് അടുത്ത ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

സിവിൽ സർവീസ് പരീക്ഷാ പരിശീലനം

തിരുവനന്തപുരം: സെന്റർ ഫോർ കണ്ടിന്യൂയിങ്‌ എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ തിരുവനന്തപുരത്ത് മണ്ണന്തലയിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ മുഖ്യ കേന്ദ്രത്തിലും പൊന്നാനി, കോഴിക്കോട്, പാലക്കാട്, കല്യാശ്ശേരി (കണ്ണൂർ), കൊല്ലം (ടി.കെ.എം. ആർട്‌സ് ആൻഡ്‌ സയൻസ് കോളേജ്), മൂവാറ്റുപുഴ ഉപകേന്ദ്രങ്ങളിലും 2021 ഒക്‌ടോബർ മാസം ആരംഭിക്കുന്ന സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് (ഓപ്ഷണൽ വിഷയങ്ങളുടെ) പരീക്ഷാ പരിശീലന ക്ലാസിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് ഫീ 13,800. പ്രിലിംസ് കം മെയിൻസ് കോഴ്‌സിന് ഫീസ് അടച്ചിട്ടുള്ളവർ ഓപ്ഷണൽ വിഷയങ്ങൾക്ക് കോഷൻ ഡെപ്പോസിറ്റ് വീണ്ടും അടയ്‌ക്കേണ്ടതില്ല. ഓൺലൈൻ രജിസ്‌ട്രേഷനും ഫീസ് അടയ്ക്കുന്നതിനുമുള്ള സൗകര്യം www.ccek.org, www.kscsa.org എന്നീ വെബ്‌സൈറ്റുകളിൽ ഈ മാസം എട്ട് മുതൽ 12 വരെ ലഭ്യമാണ്.

സ്‌പോർട്‌സ് ക്വാട്ട പ്രവേശനം ഏഴിന്

തിരുവനന്തപുരം: സർക്കാർ വനിതാ കോളേജിൽ 2021-22 അധ്യയന വർഷത്തിൽ ബിരുദ വിഭാഗം സ്‌പോർട്‌സ് ക്വാട്ടയിലേക്ക് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സീറ്റുകൾക്കായി അപേക്ഷിച്ചിരുന്ന വിദ്യാർഥികൾ 7ന് രാവിലെ 10.30ന് കൗൺസിലിങ്ങിനായി കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.