തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ എം.എ. ഇംഗ്ലീഷ് ഒന്നാം സെമസ്റ്റർ പരീക്ഷയിൽ കൂട്ടത്തോൽവിയെന്നു പരാതി.

ഒന്നാം സെമസ്റ്ററിലെ ബ്രിട്ടീഷ് ലിറ്ററേച്ചർ എന്ന പേപ്പറിലാണ് എഴുതിയവരിൽ ഭൂരിഭാഗവും പരാജയപ്പെട്ടതായി ആക്ഷേപമുള്ളത്. മാർച്ച് 29-നായിരുന്നു ഫലപ്രഖ്യാപനം.

നിലമ്പൂർ അമൽ കോളേജിൽ 11 പേർ പരീക്ഷയെഴുതിയതിൽ നാലുപേർക്ക്‌ തോൽവിയുണ്ടായതായി വിദ്യാർഥികൾ പരാതിപ്പെട്ടു. മറ്റു കോളേജുകളിലും എഴുതിയവരിൽ പകുതിയോളംപേർ പരാജയപ്പെട്ടതായും ഇവർ പറയുന്നു. മൂല്യനിർണയത്തിലെ അപാകമാണ് പ്രശ്നത്തിനു കാരണമെന്നാണ് ആക്ഷേപം.

ഗ്രേഡ് ഷീറ്റിൽ പരാജയസൂചകമായി ’എഫ്’ എന്നുമാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ മാർക്ക് നൽകണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെടുന്നു. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പരീക്ഷാ കൺട്രോളർക്ക് ഇ-മെയിലിൽ പരാതി നൽകിയിരിക്കുകയാണ് ഇവർ.