കാസർകോട്: ബി.വോക്. കോഴ്‌സിന്‌ അംഗീകാരം നൽകിയെന്ന്‌ പി.എസ്.സി. ചെയർമാൻ രേഖാമൂലം അറിയിച്ചതായി എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ. അറിയിച്ചു. കേന്ദ്രസർക്കാരിന്റെ ഉത്തരവുണ്ടായിട്ടും പി.എസ്.സി. മറ്റു ബിരുദങ്ങൾക്ക് തുല്യമായി ഈ കോഴ്‌സിനെ അംഗീകരിച്ചിരുന്നില്ല. അതുകൊണ്ട് കേരളത്തിലെ സർവകലാശാലകൾ തുല്യതാ സർട്ടിഫിക്കറ്റുകളും നൽകിയിരുന്നില്ല. ഉന്നതവിദ്യാഭ്യാസത്തിന് പോകാൻ കഴിയാതെ വിദ്യാർഥികൾ പെരുവഴിയിലായി. ഈ അവസ്ഥ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും പി.എസ്.സി. ചെയർമാനും എൻ.എ.നെല്ലിക്കുന്ന് കത്ത് നൽകിയിരുന്നു. ബിരുദം മാനദണ്ഡമാക്കിയുള്ള ഉദ്യോഗങ്ങൾക്ക്‌ ബി.വോക് ബിരുദം യോഗ്യതയായി കമ്മിഷന്റെ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തി. വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്ന പ്രശ്നത്തിൽ ഫലപ്രദമായ ഇടപെടൽ നടത്തിയ മുഖ്യമന്ത്രിയെയും പി.എസ്.സി. ചെയർമാനെയും എൻ.എ.നെല്ലിക്കുന്ന് അഭിനന്ദിച്ചു.