തിരുവനന്തപുരം: എൻജിനീയറിങ്‌/ ആർക്കിടെക്‌ചർ റാങ്ക്‌ ലിസ്റ്റ്‌ മാർക്കിലെ അപാകം പരിഹരിക്കുന്നതിന്‌ അവസരം. പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റ്‌ മുഖേന മാർക്ക്‌ വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ച വിദ്യാർത്ഥികൾക്ക്‌ മാർക്ക്‌ വിവരങ്ങൾ നാലിന്‌ വൈകുന്നേരം അഞ്ചുവരെ പരിശോധിക്കാം.

മാർക്ക്‌ വിവരങ്ങൾ ഓൺലൈനായി പരിശോധിച്ച്‌ ഉറപ്പു വരുത്താത്ത വിദ്യാർത്ഥികളുടെയും, തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അവ വരുത്താത്തവരുടെയും നിലവിലെ മാർക്കുകൾ അതേപടി റാങ്ക്‌ ലിസ്റ്റ്‌ തയ്യാറാക്കുന്നതിനായി പരിഗണിക്കും. എന്നാൽ ഇത്തരം വിദ്യാർത്ഥികളുടെ റാങ്ക്‌ തടഞ്ഞുവെയ്‌ക്കും.

2021-22 ൽ സി.ബി.എസ്‌.ഇ, പ്ളസ്‌ടു ഇംപ്രൂവ്‌മെന്റ്‌ പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളുടെയും ഇംപ്രൂവ്‌മെന്റ്‌ മാർക്ക്‌ ആയിരിക്കും റാങ്ക്‌ ലിസ്റ്റ്‌ തയ്യാറാക്കുന്നതിനായി പരിഗണിക്കുന്നത്‌. മാർക്കുകളിൽ വ്യത്യാസമുള്ള സി.ബി.എസ്‌.ഇ. ഇംപ്രൂവ്‌മെന്റ്‌ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ കാൻഡിഡേറ്റ്‌ പോർട്ടലിൽ നൽകിയിട്ടുള്ള മാർക്കുകൾ പരിശോധിക്കേണ്ടതും, മാർക്ക്‌ വ്യത്യാസമുള്ളവർ ശരിയായ മാർക്ക്‌ ലിസ്റ്റ്‌ അപ്‌ലോഡ്‌ ചെയ്യേണ്ടതുമാണ്‌. അഞ്ചിന്‌ ഉച്ചയ്‌ക്ക്‌ 12 വരെ പരിശോധിക്കാം. മാർക്ക്‌ ലിസ്റ്റ്‌ അപ്‌ലോഡ്‌ ചെയ്ത്‌ മാർക്ക്‌ വ്യത്യാസം പരിഹരിക്കാത്ത വിദ്യാർത്ഥികളുടെ റാങ്ക്‌ നിശ്ചയിക്കുന്നത്‌ സി.ബി.എസ്‌.ഇ. നൽകിയ ഇംപ്രൂവ്‌മെന്റ്‌ മാർക്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും.